സി.പി.എമ്മിന്റേത്  മടവാളുകൊണ്ട്  വെട്ടി വീഴ്ത്തുന്ന  പാരമ്പര്യം; പിവി അൻവര്‍ എംഎല്‍എയ്ക്ക് സംരക്ഷണ കവചമൊരുക്കുമെന്ന് യൂത്ത് കോണ്‍ഗ്രസ്

 

 

പിവി അൻവര്‍ എംഎല്‍എയ്ക്ക് സംരക്ഷണ കവചമൊരുക്കുമെന്ന് യൂത്ത് കോണ്‍ഗ്രസ് മലപ്പുറം ജില്ലാ കമ്മിറ്റി. അൻവര്‍ നാളെ തള്ളി പറഞ്ഞാലും അഭിപ്രായ സ്വാതന്ത്ര്യത്തിനുവേണ്ടി യൂത്ത് കോണ്‍ഗ്രസ് പോരാടുമെന്നും മലപ്പുറം ജില്ലാ പ്രസിഡന്‍റ് പ്രസ്താവനയില്‍ അറിയിച്ചു. ആരോപണങ്ങള്‍ ഉന്നയിച്ച അൻവറിനെതിരെ മലപ്പുറത്ത് ഡിവൈഎഫ്ഐ ഉള്‍പ്പെടെയുള്ള സംഘടനകള്‍ ഫ്ലക്സ് ബോര്‍ഡുകള്‍ ഉയര്‍ത്തിയും പ്രകടനം നടത്തിയും പ്രതിഷേധിക്കുന്നതിനിടെയാണ് പിന്തുണ അറിയിച്ച് യൂത്ത് കോണ്‍ഗ്രസ് രംഗത്തെത്തിയത്. 

യൂത്ത് കോണ്‍ഗ്രസ് മലപ്പുറം ജില്ലാ പ്രസിഡന്‍റിന്‍റെ പ്രസ്താവന

സിപിഎമ്മിന്‍റെ  കഴിഞ്ഞകാല ചെയ്തികൾ പരിശോധിച്ചാൽ  ആദ്യം തങ്ങളുടെ ശത്രുവിനെ ഒറ്റുകാരനായും,  ഭീകരവാദിയായും ചാപ്പ കുത്തും എന്നിട്ട് മടവാളുകൊണ്ട്  വെട്ടി വീഴ്ത്തുന്ന  പാരമ്പര്യമാണ്,  അത് കണ്ണൂരിലും വടകരയിലും നടന്നേക്കാം എന്നാൽ മലപ്പുറത്തിന്‍റെ യുഡിഎഫ് മണ്ണിൽ നടക്കാൻ യൂത്ത് കോൺഗ്രസ് അനുവദിക്കില്ല, തന്റെ  പിതാവിനെ ടൈമർ ബോംബ് വെച്ച് കൊന്ന കൊലയാളിക്ക് മാപ്പുകൊടുത്ത രാഹുൽഗാന്ധിയുടെ യൂത്ത് കോൺഗ്രസ് ആണ് പറയുന്നത്.

അൻവറിന്  സംരക്ഷണ കവചം ഒരുക്കാൻ മലപ്പുറത്തെ യൂത്ത് കോൺഗ്രസ് സജ്ജമാണ്, നിങ്ങളുടെ ഇന്നോവയും കൊടി  സുനിമാരെയും മലപ്പുറത്തേക്ക് അയക്കേണ്ടതില്ല, അദ്ദേഹം നാളെ ഞങ്ങളെ തള്ളി പറഞ്ഞാലും  ജനാധിപത്യ, അഭിപ്രായസ്വാതന്ത്ര്യത്തിന്  യൂത്ത് കോൺഗ്രസ്  മരണം വരെ പോരാടുമെന്നും ജില്ലാ പ്രസിഡന്‍റ് ഹാരിസ് മൂതൂർ പറഞ്ഞു.