സിനിമ കോൺക്ലേവ്; നവംബർ നാലാം വാരം കൊച്ചിയിൽ , വിവിധ മേഖലകളിൽ നിന്ന്  350 ക്ഷണിതാക്കൾ 

 

 

സിനിമ കോൺക്ലേവ് നവംബർ നാലാം വാരം കൊച്ചിയിൽ നടക്കും. മുഖ്യമന്ത്രിയുടെ സൌകര്യം അനുസരിച്ച് ഉദ്ഘാടന ദിവസം തീരുമാനിക്കും. വിവിധ മേഖലകളിൽ നിന്നുള്ള 350 ക്ഷണിതാക്കൾ പങ്കെടുക്കും. സിനിമാനയം രൂപീകരിക്കുകയാണ് കോൺക്ലേവിന്റെ ലക്ഷ്യം. കെഎസ്എഫ്‍‍ഡിസിയ്ക്കാണ് ഏകോപന ചുമതല. കോൺക്ലേവിന് മുൻപ് സിനിമ സംഘടനകളുമായി ചർച്ച നടത്തും. സമഗ്രമായ സിനിമാ നയം രൂപീകരിക്കുന്നതിന് മുന്നോടിയായാണ് സിനിമാ മേഖലയിലെ എല്ലാ വിഭാഗങ്ങളിൽ നിന്നുമുള്ള പ്രമുഖരെ ഉൾപ്പെടുത്തി വിപുലമായ കോൺക്ലേവ് നടത്തുന്നതെന്നാണ് സർക്കാർ വിശദീകരണം.


എന്നാൽ കോൺക്ലേവുമായി സഹകരിക്കില്ലെന്നാണ് പ്രതിപക്ഷം വ്യക്തമാക്കിയിട്ടുള്ളത്. ഇരകളെയും വേട്ടക്കാരേയും ഒരുമിച്ചിരുത്തിയാണോ കോൺക്ലേവ് നടത്തുന്നതെന്ന് ഡബ്ല്യുസിസിയും ചോദിച്ചിരുന്നു. അതേസമയം, നടൻ സിദ്ദിഖിനും സംവിധായകൻ രഞ്ജിത്തിനും എതിരെ ഉയർന്ന ലൈംഗികാരോപണങ്ങളിൽ പ്രത്യേക സംഘത്തിന്റെ അന്വേഷണം ഇന്ന് ആരംഭിക്കും. ഐജി സ്പർജൻകുമാറിന്റെ നേതൃത്വത്തിലാണ് അന്വേഷണം. പരാതിക്കാരുടെ മൊഴിയെടുത്ത ശേഷം തുടർ നടപടി സ്വീകരിക്കും. സിനിമാ മേഖലയിലെ ഉന്നതരെ കുറിച്ച് ഉയർന്ന ലൈംഗികാരോപണങ്ങൾ സർക്കാരിനെയും പ്രതിരോധത്തിലാക്കിയ സാഹചര്യത്തിലാണ് മുഖ്യമന്ത്രി ഇടപെട്ട് അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചത്.


മുഖ്യമന്ത്രി പിണറായി വിജയൻ ഡിജിപിയുമായി ചർച്ച നടത്തിയിരുന്നു. നിയമോപദേശം തേടിയതിന്റെ അടിസ്ഥാനത്തിൽ കൂടിയായിരുന്നു തീരുമാനം. ആരോപണം ഉന്നയിച്ചവർ പരാതിയിൽ ഉറച്ചുനിന്നാൽ കേസെടുക്കാനാണ് തീരുമാനം. പരാതികളും വെളിപ്പെടുത്തലുകളും സംബന്ധിച്ച് അന്വേഷിക്കാൻ പൊലീസ് ഐജി സ്പർജൻ കുമാറിന്റെ നേതൃത്വത്തിൽ ഉയർന്ന വനിതാ പൊലീസ് ഓഫീസർമാർ ഉൾപ്പെടുന്ന ഒരു പ്രത്യേക അന്വേഷണസംഘമാണ് രൂപീകരിച്ചിരിക്കുന്നത്.