പോക്കറ്റ് കാലി, സ്റ്റേഷൻ വളപ്പിലെ ഉപയോഗ ശൂന്യമായ വാഹനങ്ങള്‍ വിറ്റ് പണമാക്കാൻ പൊലീസ്

 

പണം ഇല്ല. ചെലവ് കൂടുതൽ. ഉപയോഗ ശൂന്യമായ വാഹനങ്ങള്‍ വിറ്റ് പണമാക്കാൻ പൊലീസ്. ആക്രി വാഹനങ്ങളുടെ മൂല്യം നിശ്ചയിക്കാൻ ഉദ്യോഗസ്ഥരെ നിയോഗിച്ച് ആഭ്യന്തര വകുപ്പ് ഉത്തരവായി. കഴിഞ്ഞ ആറു മാസത്തിനിടെ ആയിരം പൊലീസ് വാഹനങ്ങളാണ് കട്ടപ്പുറത്തായത്. ഇന്ധനം അടിക്കാൻ പോലും പണം തികയാത്ത അവസ്ഥയിലാണ് സംസ്ഥാന പൊലീസ് സേന. 

അന്യ സംസ്ഥാനങ്ങളിലേക്ക് അന്വേഷണത്തിന് പോകുന്ന ഉദ്യോഗസ്ഥര്‍ സ്വന്തം പോക്കറ്റിൽ നിന്നാണിപ്പോൾ പണമെടുക്കുന്നത്. കേസന്വേഷണത്തെ പോലും ബാധിക്കും വിധം സാമ്പത്തിക പ്രതിസന്ധി കനത്തതോടെയാണ് വരുമാനം കൂട്ടാൻ വഴികൾ തേടുന്നത്. കട്ടപ്പുറത്തായ വാഹനങ്ങളെയും കേസിൽ പിടിച്ചിട്ടിരിക്കുന്ന വാഹങ്ങളെയുമെല്ലാം വിറ്റ് പണമാക്കാനായുള്ള ശുപാർശ ഡിജിപി തന്നെയാണ് സർക്കാരിന് നൽകയത്. 

കോടതി നടപടിക്ക് ആവശ്യമില്ലാത്ത വാഹനങ്ങള്‍ ലേലം ചെയ്യുന്നതിന് നിയമപരമായി തടസ്സമില്ലെന്നിരിക്കെ കോടികൾ വരുമാനം വരുമെന്നാണ് ശുപാര്‍ശയിൽ പറയുന്നത്. 15 വർഷം കഴിഞ്ഞ വാഹനങ്ങള്‍ നിരത്തിലിറക്കരുതെന്ന നിയമം കൂടിയായപ്പോൾ ആക്രിവണ്ടികളുടെ എണ്ണം പൊലീസിൽ പെരുകി.