പിവി അന്‍വറിന്‍റെ വാര്‍ത്താസമ്മേളന വാര്‍ത്ത ഒന്നാം പേജില്‍ നൽകി; ദേശാഭിമാനിക്കെതിരെ വാളെടുത്ത് പാര്‍ട്ടി

 


പിവി അന്‍വറിന്‍റെ വാര്‍ത്താസമ്മേളന വാര്‍ത്ത ഒന്നാം പേജില്‍ പ്രസിദ്ധീകരിച്ച ദേശാഭിമാനി നിലപാടിനെതിരെ പാര്‍ട്ടി നേതൃത്വത്തിന് അതൃപ്തി. സംസ്ഥാന സെക്രട്ടറിയുടെയും എല്‍ഡിഎഫ് കണ്‍വീനറുടെയും പ്രസ്താവനക്കൊപ്പം അന്‍വറിനെയും കൊടുത്തതിലാണ് പ്രശ്നം. പാര്‍ട്ടി വിരുദ്ധരുടെ വാര്‍ത്തയും നന്നായി കൊടുക്കണമെന്ന തീരുമാനമനുസരിച്ച് ചെയ്തതാണെന്നാണ് ദേശാഭിമാനിയുടെ വിശദീകരണം.

പാര്‍ട്ടി വിലക്ക് ലംഘിച്ച് അന്‍വര്‍ നടത്തിയ സൂദീര്‍ഘമായ വാര്‍ത്താസമ്മേളനം പിണറായി വിജയനേയും പാര്‍ട്ടി നേതൃത്വത്തെയുമെല്ലാം കീറിമുറിക്കുന്നതായിരുന്നു. വാര്‍ത്ത പിറ്റേന്ന് ഒന്നാം പേജില്‍ തന്നെ വന്നു. അന്‍വര്‍ ഇടതുപക്ഷ നിലപാടില്‍ നിന്ന് മാറുന്നുവെന്ന എംവി ഗോവിന്ദന്‍റെയും അന്‍വര്‍ പാര്‍ട്ടി ശത്രുക്കളുടെ കയ്യിലെന്ന എല്‍ഡിഎഫ് കണ്‍വീനറുടെയും പ്രസ്താവനക്കൊപ്പമാണ് ദേശാഭിമാനി അന്‍വറിനും സ്ഥാനം കൊടുത്തത്. ടിപി രാമകൃഷ്ണന്‍റെ പ്രസ്താവന ഒരു കോളത്തില്‍ ഒതുക്കിയപ്പോള്‍ അന്‍വറിന് അതിനേക്കാള്‍ പ്രധാന്യവും നല്‍കി. മുഖ്യമന്ത്രിക്കെതിരെ അന്‍വര്‍ പറഞ്ഞ കാര്യമെല്ലാം വിശദമായിതന്നെ റിപ്പോര്‍ട്ടിലുണ്ട്. മറ്റ് പല സിപിഎം നേതാക്കളുടെയും പ്രസ്താവനകള്‍ അന്ന് പത്രം കൊടുത്തിട്ടുമില്ല. അന്‍വറിന് ഇത്ര പ്രാധാന്യംകൊടുക്കേണ്ടിയിരുന്നോ എന്ന ചോദ്യം പല നേതാക്കള്‍ക്കുമുണ്ട്. എന്നാല്‍ ആലോചിച്ചെടുത്ത തീരുമാനം എന്നാണ് ദേശാഭിമാനിയുടെ വിശദീകരണം. 

പാര്‍ട്ടി ശത്രുക്കളുടെ വാര്‍ത്തയും നന്നായി കൊടുക്കണമെന്നാണ് ഇപ്പോഴത്തെ നയമെന്നും അവര്‍ വിശദീകരിക്കുന്നു. മോഹൻലാലിന്‍റെ പേരില്‍  എഴുതിയ ലേഖനത്തില്‍ ഗുരുതര പിഴവ് വന്നതിനെ തുടര്‍ന്ന് കണ്ണൂര്‍ ന്യൂസ് എഡിറ്റര്‍ക്കെതിരെ നടപടിയെടുത്തതിന് തൊട്ട് പിന്നാലെയാണ് പുതിയ വിവാദമുണ്ടായിരിക്കുന്നത്.