എസ്എഫ്‌ഐ സിപിഐഎമ്മിന്റെ പോഷക സംഘടനയല്ല; സഖാക്കളായ സംഘടനാ പ്രവര്‍ത്തകരെ തിരുത്താന്‍ മാത്രമെ സിപിഐഎമ്മിന് സാധിക്കു; എ കെ ബാലന്‍

 

 

ഒറ്റപ്പെട്ട തെറ്റായ പ്രവണതകള്‍ എസ്എഫ്‌ഐ തിരുത്തിയേ തീരൂവെന്ന് സിപിഐഎം കേന്ദ്രകമ്മിറ്റി അംഗം എ കെ ബാലന്‍. തിരുത്തേണ്ടത് സംഘടനയുടെ ഉത്തരവാദിത്തമാണ്. ഇടതു സംഘടനയുടെ അടിസ്ഥാന സ്വഭാവത്തില്‍ ഉള്‍പ്പെടാത്തവരും സംഘടനയില്‍ ഉണ്ടെന്ന് എ കെ ബാലന്‍ പറഞ്ഞു.

അന്യവര്‍ഗ വിഭാഗങ്ങള്‍' ചേര്‍ന്നു പ്രവര്‍ത്തിച്ചപ്പോള്‍ മറ്റു വിദ്യാര്‍ത്ഥി സംഘടനകള്‍ക്ക് ഉണ്ടായതുപോലുള്ള ചാപല്യം എസ്എഫ്‌ഐയെ മുന്‍പും ബാധിച്ചിട്ടുണ്ട്. അപ്പോഴെല്ലാം തിരുത്തല്‍ നിലപാട് ഉണ്ടായി. ഇപ്പോഴത്തെ പ്രവണതകള്‍ നേതൃത്വത്തിന്റെ അറിവോടെ ആകണമെന്നില്ലെന്നും എ കെ ബാലന്‍ അഭിപ്രായപ്പെട്ടു.

എസ്എഫ്‌ഐ സിപിഐഎമ്മിന്റെ പോഷക സംഘടനയല്ല. പല വിഭാഗക്കാരുണ്ട്. സഖാക്കളായ സംഘടനാ പ്രവര്‍ത്തകരെ തിരുത്താന്‍ മാത്രമെ സിപിഐഎമ്മിന് സാധിക്കുകയുള്ളൂ. വയനാട്ടില്‍ രാഹുല്‍ ഗാന്ധിയുടെ ഓഫീസ് ആക്രമിച്ച പ്രശ്‌നത്തില്‍ എസ്എഫ്‌ഐ ജില്ലാ കമ്മിറ്റി പിരിച്ചുവിട്ടത് തിരുത്തല്‍ നടപടിയായിരുന്നു. എ കെ ബാലന്‍ പറഞ്ഞു.