അവിശ്വസനീയമായ കാഴ്ച; 16 വർഷം മുൻപ് മുറിച്ചുമാറ്റിയ സ്വന്തം ഹൃദയം നേരിൽ കണ്ട് യുവതി

 

ലണ്ടനിലെ ഹണ്ടേറിയൻ മ്യൂസിയത്തിൽ വെച്ച് സ്വന്തം ഹൃദയം നേരിൽ കണ്ട് ഹാംഷെയറിലെ റിങ്‌വുഡിൽനിന്നുള്ള ജെന്നിഫർ സട്ടൺ എന്ന യുവതി. 16 വർഷം മുൻപ് അവയവമാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കിടെ ശരീരത്തിൽ നിന്നും നീക്കം ചെയ്ത സ്വന്തം ഹൃദയമാണ് യുവതി കണ്ടത്. ലോകം കണ്ട എക്കാലത്തെയും വിചിത്രമായ കൂടിച്ചേരലുകളിൽ ഒന്നായിരുന്നു ഇത്. 

‘‘അവിശ്വസനീയമായ യാഥാർഥ്യം’’ എന്നാണ് സ്വന്തം ഹൃദയം നേരിൽ കണ്ട നിമിഷത്തെ ജെന്നിഫർ വിശേഷിപ്പിച്ചത്. ‘മ്യൂസിയത്തിലേക്ക് നടക്കുമ്പോൾ തന്നെ അത് എന്‍റെ ശരീരത്തിന്‍റെ ഭാഗമായിരുന്നുവെന്ന് എനിക്ക് തോന്നിയിരുന്നു. വളരെ മനോഹരമായ ഒരു അനുഭവമായിരുന്നു ഇത്. 22 വർഷം എന്നെ ജീവിക്കാൻ സഹായിച്ച എന്റെ സുഹൃത്താണിത്. എന്‍റെ ജീവിതത്തിൽ ഒരുപാട് കാര്യങ്ങൾ ഞാൻ കണ്ടിട്ടുണ്ടെങ്കിലും പൂർണമായി എന്‍റെയെന്ന് പറയാനാകുന്ന ഒന്ന് കാണുന്നത് വിചിത്രമാണെന്നും യുവതി പറഞ്ഞു.

യൂണിവേഴ്‌സിറ്റിൽ പഠിക്കുന്നതിനിടെ തന്റെ ഇരുപതാം വയസിലാണ് റെസ്ട്രിക്റ്റീവ് കാർഡിയോമയോപതി എന്ന രോഗവസ്ഥ തനിക്കുണ്ടെന്ന് ജന്നിഫർ അറിയുന്നത്. ശരീരത്തിലുടനീളം വേണ്ട രക്തം പമ്പ് ചെയ്യാൻ ഹൃദയത്തിന് സാധിക്കാതെ വരുന്ന ഒരു അവസ്ഥയായിരുന്നു ഇത്. 2007 ജൂണിൽ ഹൃദയം മാറ്റിവെയ്ക്കുകയല്ലാതെ  മറ്റൊരു മാർഗമില്ലെന്ന് ഡോക്ടർ പറഞ്ഞതോടെയാണ് ഒരു ദാതാവിനെ കണ്ടെത്തി ഹൃദയം മാറ്റിവെക്കൽ ശാസ്ത്രക്രിയ നടത്തിയത്.

അവയവദാനത്തെ പ്രോത്സാഹിപ്പിക്കാൻ ഈ കാഴ്ചക്കാകുമെന്നാണ് താൻ പ്രതീക്ഷിക്കുന്നതെന്നും ജെന്നിഫർ കൂട്ടിച്ചേർത്തു. 2007ലായിരുന്നു ജെന്നിഫർ സട്ടന് ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രിക്രിയ നടത്തിയത്. പിന്നീട് ജെന്നിഫർ തന്‍റെ ഹൃദയം പ്രദർശനത്തിന് ഉപയോഗിക്കാൻ റോയൽ കോളജ് ഓഫ് സർജൻസിന് അനുമതിയും നൽകി. ഇതോടെയാണ് ലണ്ടനിലെ ഹണ്ടേറിയൻ മ്യൂസിത്തിൽ സന്ദർശകർക്കായി ജെന്നിഫറിന്റെ ഹൃദയം പ്രദർശിപ്പിച്ചത്.