കേരളത്തിൽ ഇതുവരെ ആരും തൊടാത്ത ടൂറിസം മേഖലകൾ കണ്ടെത്തും, എന്റെ സിനിമാസെറ്റിൽ ഒരു ഓഫീസ് ഉണ്ടാവും; സുരേഷ് ഗോപി
കേരളത്തെ ടൂറിസം ഹബ്ബാക്കുമെന്നും ഇതുവരെ ആരും തൊടാത്ത ടൂറിസം മേഖലകൾ കണ്ടെത്തുമെന്നും കേന്ദ്ര മന്ത്രി സുരേഷ് ഗോപി. ടൂറിസം, പെട്രോളിയം-പ്രകൃതി വാതക വകുപ്പുകളുടെ ചുമതലയേറ്റെടുക്കുന്നതിന് മുൻപ് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
'തീർത്തും പുതിയൊരു സംരംഭമാണ് ഞാൻ ഏറ്റെടുക്കുന്നത്. ആദ്യം എനിക്ക് പഠിക്കണം. ഭാരിച്ച ചുമതലയാണെന്ന് എനിക്കറിയാം. എല്ലാം പഠിച്ചതിനുശേഷം പ്രധാനമന്ത്രി ചുമതലയേൽപ്പിക്കുന്ന പാനലിനെയും കേട്ട് അതിൽനിന്നും പഠിക്കണം. യുകെജിയിൽ കേറിയ അനുഭവമാണ് എനിക്ക്. കേരളം ടൂറിസത്തിന്റെ പ്രീമിയം ഡെസ്റ്റിനേഷൻ ആണെന്ന് പ്രധാനമന്ത്രി തിരഞ്ഞെടുപ്പിന് മുൻപുള്ള ചർച്ചകളിൽ പറഞ്ഞിട്ടുണ്ട്. ഈ പശ്ചാത്തലത്തിൽ അദ്ദേഹവുമായി ചർച്ച ചെയ്ത് ടൂറിസത്തിൽ ഭാരതത്തിന്റെ തിലകകുറിയാകും കേരളം. ഇത് അഞ്ചുവർഷത്തിനുള്ളിൽ സെറ്റ് ചെയ്യാൻ സാധിക്കണം. അതിന് ആരുടെയൊക്കെ ഉപദേശമാണോ ആവശ്യം അത് സ്വീകരിക്കും. കേരളത്തിൽ നിന്ന് ടൂറിസം ഡിജി ആയി പ്രവർത്തിച്ചിട്ടുള്ള മൂന്ന് നാലുപേരെ ഇതിനായി തിരഞ്ഞെടുക്കും.
കേരള കാഡറിൽ നിന്നുള്ള, മലയാളികളായ ആളുകളെ കൊണ്ടുവരും. സീരിയസ് ആയിട്ടുള്ള ചർച്ചകൾ നടക്കും. കേരളത്തെ ടൂറിസം ഹബ്ബാക്കും. ഇതുവരെ ആരും തൊടാത്ത ടൂറിസം മേഖലകൾ കണ്ടെത്തി പ്രോത്സാഹിപ്പിക്കും. പുതിയൊരു രുചി നൽകാൻ പറ്റുന്ന ടൂറിസം മേഖലകൾ അന്വേഷിക്കും. ഏറ്റെടുത്ത സിനിമകൾ പൂർത്തിയാക്കുന്നതുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രിയോടും അമിത് ഷായോടും സംസാരിക്കും. എന്റെ ആവശ്യങ്ങൾ അറിയിക്കും. എനിക്ക് വേണ്ടുന്ന പിന്തുണ തേടും. ഇതും നടക്കും, അതും നടക്കും. എന്റെ സെറ്റിൽ ഒരു ഓഫീസ് ഉണ്ടാവും'- സുരേഷ് ഗോപി വ്യക്തമാക്കി.