'ബിജെപി ജയിക്കരുതെന്ന് കരുതുന്നവർ സഹായിച്ചിട്ടുണ്ടാകാം'; എസ്ഡിപിഐ പിന്തുണയിൽ മുഖ്യമന്ത്രി
നേമം മണ്ഡലത്തിൽ എൽഡിഎഫിന് ലഭിച്ച എസ്ഡിപിഐ പിന്തുണയുമായി ബന്ധപ്പെട്ട ആരോപണങ്ങളിൽ നിലപാട് വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയൻ. എൽഡിഎഫിന് പുറത്തുള്ള ഒരു കക്ഷിയുടെയും പിന്തുണ തേടി തങ്ങൾ ആരെയും സമീപിച്ചിട്ടില്ലെന്നും വിട്ടുവീഴ്ചയില്ലാത്ത വർഗീയ വിരുദ്ധ നിലപാടാണ് സർക്കാരിന്റേതെന്നും അദ്ദേഹം പറഞ്ഞു. ബിജെപി ജയിക്കരുതെന്ന് ആഗ്രഹിക്കുന്ന ചില ശക്തികൾ എൽഡിഎഫിനെ സഹായിച്ചിട്ടുണ്ടാകാമെന്നും അത് ഏതെങ്കിലും തരത്തിലുള്ള മുൻകൂർ ധാരണയുടെ ഭാഗമല്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
എസ്ഡിപിഐയുമായി തിരഞ്ഞെടുപ്പ് ധാരണയുണ്ടെന്ന ആരോപണം പൂർണ്ണമായും വസ്തുതാവിരുദ്ധമാണെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. നേമം മണ്ഡലത്തിലെ സ്ഥാനാർത്ഥി വി. ശിവൻകുട്ടി ആരുടെയും പിന്തുണ നേരിട്ട് അഭ്യർത്ഥിച്ചിട്ടില്ല. 2016-ൽ പ്രത്യേക സാഹചര്യത്തിൽ ബിജെപിക്ക് സൗകര്യമൊരുക്കിയത് കോൺഗ്രസായിരുന്നു. എന്നാൽ 2021-ൽ ബിജെപിയുടെ ആ അക്കൗണ്ട് പൂട്ടിക്കാൻ എൽഡിഎഫിന് സാധിച്ചു. ബിജെപിയെ ശക്തമായി എതിർക്കുന്നത് എൽഡിഎഫ് ആണെന്ന് ബോധ്യമുള്ളവർ, രാഷ്ട്രീയമായി വിയോജിപ്പുള്ളവരാണെങ്കിൽ പോലും ബിജെപിയെ പരാജയപ്പെടുത്താൻ തങ്ങൾക്ക് വോട്ട് ചെയ്തിട്ടുണ്ടാകാം.
ബിജെപിയെ പരാജയപ്പെടുത്താൻ ആഗ്രഹിക്കുന്ന നിരവധി കക്ഷികളുണ്ട്. എൽഡിഎഫിന്റെ പോരാട്ടം ശരിയായ രീതിയിലാണെന്ന് കാണുമ്പോൾ രാഷ്ട്രീയ വിയോജിപ്പുള്ളവർ പോലും സഹായത്തിനെത്തുന്നത് സ്വാഭാവികമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വർഗീയതയെ രാഷ്ട്രീയമായി നേരിടുന്നതിൽ എൽഡിഎഫ് എന്നും ഉറച്ച നിലപാടാണ് സ്വീകരിക്കുന്നതെന്നും ഇതിൽ മറ്റ് വ്യാഖ്യാനങ്ങൾക്ക് പ്രസക്തിയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.