'മര്യാദയ്ക്ക് നടന്നില്ലെങ്കില്‍ കയ്യുംകാലും വെട്ടിമുറിക്കും'; അന്‍വറിനെതിരെ കൊലവിളി മുദ്രാവാക്യം

 

സി.പി.എം. മലപ്പുറം ജില്ലാ കമ്മിറ്റിയുടെ ആഹ്വാനപ്രകാരം ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്ന പ്രതിഷേധ പ്രകടനത്തില്‍ പി.വി. അന്‍വറിനെതിരെ ഭീഷണിമുദ്രാവാക്യം. മര്യാദയ്ക്ക് നടന്നില്ലെങ്കില്‍ കയ്യുംകാലും വെട്ടിമുറിക്കുമെന്നാണ് ഭീഷണി. നിലമ്പൂര്‍ ഏരിയ കമ്മിറ്റിയുടെ പ്രകടനത്തിലാണ് കൊലവിളി മുദ്രാവാക്യം.

'പി.വി. അന്‍വര്‍ എമ്പോക്കി, മര്യാദയ്ക്ക് നടന്നോളൂ. സി.പി.ഐ.എം. ഒന്നുപറഞ്ഞാല്‍, ഗോവിന്ദന്‍ മാസ്റ്റര്‍ ഒന്ന് ഞൊടിച്ചാല്‍, കയ്യുംകാലും വെട്ടിയരിഞ്ഞ് ചാലിയാര്‍ പുഴയില്‍ കൊണ്ടാക്കും', എന്നാണ് മുദ്രാവാക്യം.

പ്രതിഷേധപ്രകടനത്തിനൊടുവില്‍ അന്‍വറിന്റെ കോലം കത്തിച്ചു. ചെങ്കൊടി തൊട്ടുകളിക്കണ്ട എന്ന ബാനറും അന്‍വറിന്റെ കോലവുമായിട്ടായിരുന്നു നിലമ്പൂര്‍ നഗരത്തിലൂടെ പ്രതിഷേധം.

അന്‍വര്‍ സി.പി.എം. നേതൃത്വത്തിനും മുഖ്യമന്ത്രിക്കുമെതിരെ നടത്തുന്ന ആക്ഷേപങ്ങള്‍ക്കെതിരെ സി.പി.എം. പ്രവര്‍ത്തകര്‍ രംഗത്തിറങ്ങണമെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്നാണ് ഏരിയാ തലത്തില്‍ പ്രതിഷേധത്തിന് സി.പി.എം. ജില്ലാ കമ്മിറ്റി ആഹ്വാനംചെയ്തത്.