തൃശൂര്‍ എടിഎം കൊള്ള: പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും

 

തൃശൂര്‍ എടിഎം കവർച്ച കേസിൽ തമിഴ്നാട് പൊലീസിന്റെ പിടിയിലായ പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും. നാമക്കൽ മജിസ്ട്രേറ്റ് മുന്നിലായിരിക്കും പ്രതികളെ ഹാജരാക്കുക. പ്രതികളെ സംഭവ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തുമെന്നും വിവരമുണ്ട്. പ്രതികളെ വിട്ടു കിട്ടുന്നതിനായി കോടതിയിൽ പ്രൊഡക്ഷൻ വാറന്റ് സമർപ്പിക്കുമെന്ന് കേരള പൊലീസ് അറിയിച്ചു.

തൃശൂര്‍ ടൗൺ ഈസ്റ്റ്, ഇരിഞ്ഞാലക്കുട എന്നീ പൊലീസ് സ്റ്റേഷനുകളിലെ ഉദ്യോഗസ്ഥർ തുടങ്ങിയവർ ഇന്ന് പുലർച്ചവരെ പ്രതികളെ ചോദ്യം ചെയ്തിരുന്നു. അറസ്റ്റിനിടെ പൊലീസ് ഉദ്യോഗസ്ഥന്റെ വെടിയേറ്റ് പ്രതികളിൽ ഒരാൾ മരിച്ച സംഭവത്തിൽ തമിഴ്നാട്ടിൽ ജുഡീഷ്യൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ പ്രതികളെ കേരളത്തിലേക്ക് മാറ്റുന്നത് വൈകാൻ സാധ്യതയുണ്ട്.

തമിഴ്നാട്ടിലെ കൃഷ്ണഗിരി ജില്ലയിലെ എടിഎം കവർച്ചക്ക് പിന്നിലും പിടിയിലായ പ്രതികൾക്ക് പങ്കുണ്ടെന്ന് സംശയമുണ്ട്. ആന്ധ്ര, കർണാടക എന്നിവിടങ്ങളിലെ എടിഎം കവർച്ചയ്ക്ക് പിന്നിലും ഇവർ പ്രവർത്തിച്ചതായാണ് സംശയം.

പിടിയിലായവരിൽ ഹരിയാന നൂഹ് സ്വദേശി മുഹമ്മദ് ഇഖ്രാമാണ് കവർച്ചയുടെ സൂത്രധാരൻ എന്ന പൊലീസ് നേരത്തെ കണ്ടെത്തിയിരുന്നു. തൃശൂരിലെ എടിഎമ്മുകള്‍ തിരഞ്ഞെടുത്തത് മുഹമ്മദ് ഇഖ്രാമാണ്. മഹാരാഷ്ട്രയിലെ എടിഎം കവര്‍ച്ച കേസില്‍ ശിക്ഷ കഴിഞ്ഞ് രണ്ട് മാസം മുന്‍പാണ് ഇയാള്‍ പുറത്തിറങ്ങിയത്. എടിഎം മോഷണവുമായി ബന്ധപ്പെട്ട് ഹരിയാനയില്‍ മൂന്നും രാജസ്ഥാനില്‍ രണ്ടും മഹാരാഷ്ട്രയില്‍ ഒരു കേസും ഇയാള്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു.

തൃശൂരില്‍ എടിഎം കവര്‍ച്ചയ്ക്കായി പ്രതികള്‍ കേരളത്തില്‍ എത്തിയത് കഴിഞ്ഞ ദിവസമായിരുന്നു. ഹരിയാനയില്‍ നിന്ന് ബുധനാഴ്ച ചെന്നൈയില്‍ എത്തിയ ശേഷം പ്രതികള്‍ കേരളത്തിലേക്ക് കടക്കുകയായിരുന്നു. മൂന്ന് സംഘങ്ങളായാണ് പ്രതികള്‍ ചെന്നൈയില്‍ എത്തിയത്. ഇതില്‍ രണ്ട് പേര്‍ വിമാനത്തിലും മൂന്ന് പേര്‍ കാറിലും രണ്ട് പേര്‍ ലോറിയിലും സഞ്ചരിച്ചു. കോയമ്പത്തൂരില്‍ എത്തിയ ശേഷം പ്രതികള്‍ ഒരുമിച്ചാണ് യാത്ര ചെയ്തതെന്ന് പൊലീസ് അറിയിച്ചു.