ഇന്ന് ദുഃഖവെള്ളി; ദേവാലയങ്ങളിൽ പ്രത്യേക പ്രാർത്ഥനകൾ

 

ലോകമെമ്പാടുമുള്ള ക്രൈസ്തവർ ഇന്ന് യേശുക്രിസ്തുവിന്റെ പീഡാനുഭവത്തിന്റെയും കുരിശുമരണത്തിന്റെയും ഓർമ്മ പുതുക്കി ദുഃഖവെള്ളി (Good Friday) ആചരിക്കുന്നു. വിവിധ ക്രൈസ്തവ ദേവാലയങ്ങളിൽ പുലർച്ചെ മുതൽ പ്രത്യേക പ്രാർത്ഥനാ ചടങ്ങുകളും ശുശ്രൂഷകളും നടക്കുകയാണ്. പീഡാനുഭവ സ്മരണകൾ ഉണർത്തി വിശ്വാസികൾ കുരിശിന്റെ വഴിയിലും നഗരികാണിക്കൽ ശുശ്രൂഷകളിലും പങ്കുചേരുന്നു.

സിറോ മലബാർ സഭയുടെ ആസ്ഥാനമായ കാക്കനാട് മൗണ്ട് സെന്റ് തോമസ് ചർച്ചിൽ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ പ്രാർത്ഥനാ ചടങ്ങുകൾക്ക് നേതൃത്വം നൽകും. ഓർത്തഡോക്സ് സഭ അധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ പാമ്പാടി മാർ കുറിയാക്കോസ് ദയറായിൽ ദുഃഖവെള്ളി ശുശ്രൂഷകൾക്ക് മുഖ്യ കാർമ്മികത്വം വഹിക്കും. വിവിധ സഭാധ്യക്ഷന്മാർ വിവിധ കേന്ദ്രങ്ങളിൽ ചടങ്ങുകൾക്ക് നേതൃത്വം നൽകും.

കേരളത്തിലെ പ്രധാന തീർത്ഥാടന കേന്ദ്രമായ മലയാറ്റൂർ കുരിശുമുടിയിലേക്ക് വൻ വിശ്വാസി പ്രവാഹമാണ് അനുഭവപ്പെടുന്നത്. പുലർച്ചെ മുതൽ തന്നെ ആയിരക്കണക്കിന് തീർത്ഥാടകർ മലയാറ്റൂർ മല കയറി പ്രാർത്ഥനകളിൽ പങ്കുചേരുന്നു. കുരിശുമുടി പള്ളിയിൽ ഇന്ന് പ്രത്യേക ശുശ്രൂഷകൾ നടക്കും. വൈകുന്നേരം മൂന്ന് മണിക്ക് അടിവാരത്തേക്ക് നടക്കുന്ന വിലാപയാത്രയോടെ ഇന്നത്തെ പ്രധാന ചടങ്ങുകൾ അവസാനിക്കും. വ്രതശുദ്ധിയുടെയും പ്രാർത്ഥനയുടെയും നാളുകൾക്കൊടുവിൽ ഞായറാഴ്ച വിശ്വാസികൾ ഈസ്റ്റർ ആഘോഷിക്കും.