'കേരളത്തിലെ സി.പി.എമ്മിൽ തൊട്ടുകൂടായ്മയും അസഹിഷ്ണതയും';  ഇ പി ജയരാജനെ മാറ്റിയതിൽ പ്രതികരിച്ച് പ്രകാശ് ജാവദേക്കർ

 

എൽ ഡി എഫ് കൺവീനർ സ്ഥാനത്ത് നിന്നും ഇ പി ജയരാജനെ മാറ്റിയ സി പി എം നടപടിയിൽ പ്രതികരിച്ച് കേരളത്തിലെ ബി ജെ പിയുടെ ചുമതലയുള്ള പ്രകാശ് ജാവദേക്കർ രംഗത്ത്. തന്നെ കണ്ടതാണ് ഇ പിയെ സ്ഥാനത്ത് നിന്ന് നീക്കാൻ കാരണമെന്നത് അത്ഭുതപ്പെടുത്തിയെന്നാണ് എക്സിലൂടെ ജാവദേക്കർ പ്രതികരിച്ചത്. സി പി എം നടപടി ഏകാധിപത്യ മനോഭാവത്തിന്റെയും തൊട്ടുകൂടായ്മയുടെയും അസഹിഷ്ണുതയുടെയും തെളിവെന്നും ജാവദേക്കർ അഭിപ്രായപ്പെട്ടു.

ബി ജെ പി പ്രഹാരിയായ പ്രകാശ് ജാവദേക്കർ ലോക്സഭ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ഇ പി ജയരാജനെ കണ്ടത് വലിയ വിവാദമായിരുന്നു. തെരഞ്ഞെടുപ്പ് ദിവസം രാവിലെ ഇക്കാര്യത്തിൽ വ്യക്തത വരുത്തി ഇ പി ജയരാജൻ തന്നെ രംഗത്തെത്തുകയും ചെയ്തു. വീട്ടിലെത്തിയ ജാവദേക്കറെ സ്വീകരിക്കുക മാത്രമാണ് താൻ ചെയ്തതെന്നായിരുന്നു വോട്ടെടുപ്പിനിടെ ഇ പി തുറന്നുപഞ്ഞത്. തെരഞ്ഞെടുപ്പ് ദിവസത്തെ ഇ പിയുടെ തുറന്നുപറച്ചിൽ എൽ ഡി എഫിന് തെരഞ്ഞെടുപ്പിൽ വലിയ തിരിച്ചടിയായെന്ന വിമർശനം മുന്നണിയിലും പാർട്ടിക്കുള്ളിലും ഉയർന്നിരുന്നു. ഇതിന് പിന്നാലെയാണ് ഇന്നലെ ചേർന്ന സംസ്ഥാന സമിതി ഇ പിയെ എൽ ഡി എഫ് കൺവീനർ സ്ഥാനത്ത് നിന്ന് നീക്കാൻ തീരുമാനിച്ചത്.