ഇന്ത്യയുടെ പുതിയ കരസേനാ മേധാവിയായി ലഫ്റ്റനന്റ് ജനറല്‍ ഉപേന്ദ്ര ദ്വിവേദിയെ നിയമിച്ചു

 
ലഫ്റ്റനന്റ് ജനറല്‍ ഉപേന്ദ്ര ദ്വിവേദിയെ ഇന്ത്യയുടെ പുതിയ കരസേനാ മേധാവിയായി നിയമിച്ചു. ഈ മാസം 30-ന് ചുമതലയേല്‍ക്കും.
കാലാവധി നീട്ടി ഒരു മാസത്തിനുശേഷം നിലവിലെ കരസേനാ മേധാവി ജനറല്‍ മനോജ് സി. പാണ്ഡെ ജൂണ്‍ 30-ന് സ്ഥാനമൊഴിയുന്നതോടെയാകും ഉപേന്ദ്ര ദ്വിവേദിയുടെ നിയമനം. നിലവില്‍ അദ്ദേഹം കരസേന ഉപമേധാവിയാണ്.
പരം വിശിഷ്ട സേവാ മെഡല്‍, അതി വിശിഷ്ട സേവാ മെഡലുകള്‍ ലഭിച്ചിട്ടുള്ള ഉപേന്ദ്ര ദ്വിവേദി 1984 ഡിസംബർ 15-ന് ജമ്മു കശ്മീർ റൈഫിള്‍സിലൂടെയാണ് സൈന്യത്തിന്റെ ഭാഗമായത്.
ഡയറക്ടർ ജനറല്‍ ഇൻഫൻട്രി, നോർത്തേണ്‍ കമാൻഡിന്റെ കമാൻഡർ ഇൻ ചീഫ്, ജമ്മു ആൻഡ് കശ്മീർ റൈഫിള്‍സ്, അസം റൈഫിള്‍സ് എന്നിവയുടെ കമാൻഡർ എന്നീ പദവികള്‍ വഹിച്ചിട്ടുണ്ട്. 
മധ്യപ്രദേശ് റിവയിലെ സൈനിക സ്കൂള്‍, നാഷണല്‍ ഡിഫൻസ് കോളേജ് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. യു.എസ്. ആർമി വാർ കോളേജ്, ഡി.എസ്.എസ്.സി. വെല്ലിങ്ടണ്‍, ആർമി വാർ കോളേജ് മഹു എന്നിവിടങ്ങളില്‍നിന്ന് പരിശീലനം നേടിയിട്ടുണ്ട്.