യുപിഐ ഇടപാടുകൾക്ക് നിരക്കേർപ്പെടുത്തുമെന്ന് ആർബിഐ
ഫോൺപേ, ഗൂഗിൾപേ തുടങ്ങിയ യുപിഐ ഇടപാടുകൾ എപ്പോഴും സൗജന്യമായിരിക്കില്ലെന്ന് വ്യക്തമാക്കി ആർബിഐ ഗവർണർ സഞ്ജയ് മൽഹോത്ര. യുപിഐ ഇടപാടുകൾക്ക് സ്ഥിരമായ ഒരു ഫണ്ടിങ് മാതൃക ആവശ്യമാണെന്നും ഇടപാടുകൾ നടത്തുന്ന പ്രക്രിയക്ക് വരുന്ന ചെലവ് ഉപേയാക്താക്കൾ വഹിക്കേണ്ടിവരുമെന്നും അദ്ദേഹം സൂചിപ്പിച്ചു.
'യുപിഐ ഇടപാട് എപ്പോഴും സൗജന്യമായിരിക്കില്ല, യുപിഐ ഇടപാട് നടക്കുന്ന പ്രക്രിയയ്ക്ക് ചെലവുകളുണ്ട്. അത് ആരെങ്കിലും വഹിക്കേണ്ടിവരും. യുപിഐ ഇടപാടുകൾ ദീർഘകാലം മുന്നോട്ടുപോകണമെങ്കിൽ അതിന്റെ ചെലവ് കൂട്ടായോ വ്യക്തിഗതമായോ വഹിക്കേണ്ടിവരുമെന്നും' സഞ്ജയ് മൽഹോത്ര പറഞ്ഞു. ഇന്ത്യയുടെ ഡിജിറ്റൽ പെയ്മെന്റ് സാങ്കേതിക വിദ്യയായ യുപിഐ ആഗോളതലത്തിൽ വിസയെ മറികടന്ന് മുൻനിരയിലെത്തിയതായാണ് ഐഎംഎഫിന്റെ ഈയടുത്തുള്ള കണക്കുകൾ വ്യക്തമാക്കുന്നത്.
ഇന്ത്യയിൽ 85 ശതമാനവും ആഗോളതലത്തിൽ ഏകദേശം 60 ശതമാനവും ഡിജിറ്റൽ പെയ്മെന്റുകൾ നടക്കുന്നത് യുപിഐ വഴിയാണ്. ഇന്ത്യയിൽ യുപിഐ വഴി പ്രതിദിനം 640 ദശലക്ഷത്തിലധികം ഇടപാടുകൾ നടക്കുന്നു. 2025 ജൂണിൽ മാത്രം 18.39 ബില്യൺ (1,800 കോടിയിലധികം) യുപിഐ ഇടപാടുകളിലൂടെ 24 ലക്ഷം കോടി രൂപ കൈമാറ്റം നടത്തിയതായാണ് റിപ്പോർട്ട്.