യുഎസ് യുദ്ധവിമാനം കുവൈത്തിൽ തകർന്നു; അമേരിക്കയുമായി ചർച്ചയ്ക്കില്ലെന്ന് ഇറാൻ

 

പശ്ചിമേഷ്യയിലെ സംഘർഷം പുതിയ തലങ്ങളിലേക്ക് വ്യാപിക്കുന്നതിനിടെ, അമേരിക്കൻ വ്യോമസേനയുടെ എഫ്-15ഇ (F-15E Strike Eagle) യുദ്ധവിമാനം കുവൈത്തിൽ തകർന്നുവീണു. തിങ്കളാഴ്ച (മാർച്ച് 2) രാവിലെയാണ് സംഭവം. വിമാനത്തിലുണ്ടായിരുന്ന പൈലറ്റുമാർ അത്ഭുതകരമായി രക്ഷപ്പെട്ടു. വിമാനം ആകാശത്തുവെച്ച് തീപിടിച്ച് താഴേക്ക് പതിക്കുന്നതിന്റെയും പൈലറ്റ് പാരഷൂട്ട് വഴി പുറത്തേക്ക് ചാടുന്നതിന്റെയും ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ഇറാൻ നടത്തിയ ആക്രമണത്തിലാണോ അതോ സാങ്കേതിക തകരാറോ അബദ്ധത്തിൽ വെടിയേറ്റതോ (Friendly Fire) ആണോ വിമാനം തകരാൻ കാരണമെന്ന് യുഎസ് സൈന്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.

അതേസമയം, കുവൈത്തിൽ മിസൈൽ, ഡ്രോൺ ആക്രമണ ഭീഷണി നിലനിൽക്കുന്നതിനാൽ യുഎസ് പൗരന്മാരോട് അതീവ ജാഗ്രത പാലിക്കാൻ എംബസി നിർദ്ദേശിച്ചു. വീടുകളിൽ ജനലുകളിൽ നിന്ന് അകന്ന് താഴത്തെ നിലകളിൽ സുരക്ഷിതമായി കഴിയണമെന്നും എംബസിയിലേക്ക് വരരുതെന്നും യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് മുന്നറിയിപ്പ് നൽകി. കുവൈത്തിലെ എംബസി ജീവനക്കാരോട് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാൻ നിർദ്ദേശം നൽകിയിട്ടുണ്ട്.

പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയിയുടെ വധത്തിന് പിന്നാലെ അമേരിക്കയുമായി യാതൊരുവിധ ചർച്ചകൾക്കുമില്ലെന്ന് ഇറാൻ പ്രഖ്യാപിച്ചു. ഇറാനിയൻ ദേശീയ സുരക്ഷാ കൗൺസിൽ സെക്രട്ടറി അലി ലാരിജാനിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ട്രംപിന്റെ 'അമേരിക്ക ഫസ്റ്റ്' നയം 'ഇസ്രായേൽ ഫസ്റ്റ്' ആയി മാറിയെന്നും ഇസ്രായേലിന്റെ അധികാരക്കൊതിക്കായി അമേരിക്കൻ സൈനികരെ ട്രംപ് ബലിയർപ്പിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. അമേരിക്കയുമായി ആണവ ചർച്ചകൾ പുനരാരംഭിക്കാൻ ഇറാൻ ശ്രമിച്ചുവെന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.