സര്‍ക്കാരിന് വാചകമടി മാത്രംമെന്ന് എല്‍ ഡിഎഫിലെ ഘടകകക്ഷികള്‍ക്കും ബോധ്യമായി; വി.ഡി സതീശന്‍

 

സര്‍ക്കാരിന് വാചകമടി മാത്രമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. ഭരണപക്ഷ എംഎല്‍എമാരെ പോലും സര്‍ക്കാര്‍ മുഖവിലക്കെടുക്കുന്നില്ല. ഘടകകക്ഷി എംഎല്‍എമാര്‍ പോലും സര്‍ക്കാരിനെ വിമര്‍ശിക്കുന്നു. പ്രഖ്യാപനങ്ങളല്ലാതെ പ്രവര്‍ത്തനമില്ലെന്നും വി ഡി സതീശന്‍ കുറ്റപ്പെടുത്തി.

ഭരിക്കാന്‍ മറന്നു പോയ സര്‍ക്കാരാണ് സംസ്ഥാനത്ത് നിലനില്‍ക്കുന്നതെന്ന പ്രതിപക്ഷ ആക്ഷേപം. എല്‍.ഡി.എഫിലെ ഘടകകക്ഷികള്‍ക്കും ബോധ്യമായിരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പറഞ്ഞു. ഇന്നലെ നടന്ന എല്‍.ഡി.എഫ് പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ ഘടകകക്ഷി നേതാവ് കൂടിയായ എം.എല്‍.എ, വാചകമടിയും പ്രഖ്യാപനങ്ങളും മാത്രമാണ് സംസ്ഥാനത്ത് നടക്കുന്നതെന്നും മന്ത്രിമാരുടെയും വകുപ്പുകളുടെയും പ്രവര്‍ത്തനം പോരെന്നും കടുത്ത ഭാഷയില്‍ വിമര്‍ശിക്കുകയും സി.പി.ഐ.എമ്മിലെയും സി.പി.ഐയിലെയും എം.എല്‍.എമാര്‍ അത് കൈയ്യടിച്ച് അംഗീകരിക്കുകയും ചെയ്തു.

വാചകമടിയും പ്രഖ്യാപനങ്ങളും മാത്രമാണ് സംസ്ഥാനത്ത് നടക്കുന്നത്. ഈ യാഥാര്‍ത്ഥ്യങ്ങളെല്ലാം പ്രതിപക്ഷം പല തവണ പറഞ്ഞതാണ്. ഇപ്പോള്‍ ഭരണകക്ഷി എം.എല്‍.എ തന്നെ ഇക്കാര്യങ്ങള്‍ തുറന്നു പറഞ്ഞതിലൂടെ സര്‍ക്കാരിന്റെ പരാജയത്തിന്റെ ആഴം ജനങ്ങള്‍ക്ക് കൂടുതല്‍ ബോധ്യപ്പെട്ടു. നയപ്രഖ്യാപന പ്രസംഗത്തില്‍ ഗവര്‍ണറെ കൊണ്ട് പച്ചക്കള്ളം പറയിച്ച അതേ ദിവസമാണ് ഭരണകക്ഷി എം.എല്‍.എ സര്‍ക്കാരിനെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ചത്.