ഡോക്ടറെ കുത്തിക്കൊലപ്പെടുത്തിയ പ്രതി സന്ദീപിനെ സസ്പെൻഡ് ചെയ്ത് വിദ്യാഭ്യാസ വകുപ്പ്

 

യുവ ഡോക്ടറെ കുത്തി കൊലപ്പെടുത്തിയ കേസിലെ പ്രതി സന്ദീപിനെ പൊതുവിദ്യാഭ്യാസ വകുപ്പ് സസ്‌പെൻഡ് ചെയ്തു. വിദ്യാഭ്യാസ മന്ത്രിയുടെ നിർദേശമനുസരിച്ച് നടത്തിയ വകുപ്പുതല അന്വേഷണത്തിനു ശേഷമാണ് നെടുമ്പന യുപി സ്കൂളിലെ അധ്യാപകനായ സന്ദീപിനെ അറസ്റ് ചെയ്തത്. കൊലപാതകം നടന്ന മണിക്കൂറുകൾക്കുള്ളിലാണ് പൊതുവിദ്യാഭ്യാസ വകുപ്പിന്‍റെ നടപടി. പ്രതി സസ്പെൻഷനിലായിരുന്നു എന്ന റിപ്പോർട്ട് തെറ്റാണെന്നും പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രിയുടെ ഓഫീസ് അറിയിച്ചു.

വെളിയം ഉപജില്ലയിലെ യുപിഎസ് വിലങ്ങറയിൽ നിന്ന് ഇയാൾക്ക് തസ്തിക നഷ്ടപ്പെട്ടിരുന്നു. പിന്നീട് 2021 ഡിസംബർ 14 മുതൽ സംരക്ഷിതാധ്യാപകനായി കുണ്ടറ ഉപജില്ലയിലെ യുപിഎസ് നെടുമ്പനയിൽ ഹെഡ് ടീച്ചർ വേക്കൻസിയിൽ യു പി എസ് ടി ആയി ജോലി ചെയ്യുകയായിരുന്നു പ്രതി. ഇയാൾക്കെതിരെ കൂടുതൽ കർശനമായ തുടർനടപടികൾ ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു. വനിതാ ഡോക്ടറെ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തില്‍ വകുപ്പ് തല നടപടിയുണ്ടാവുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി രാവിലെ പറഞ്ഞിരുന്നു.