'മുഖ്യമന്ത്രിയുടെ ക്ലാസ്സ് ഞങ്ങൾക്ക് വേണ്ട'; കേരളത്തിൽ അപ്രഖ്യാപിത നിയമന നിരോധനം: പിൻവാതിൽ നിയമനങ്ങൾ തകൃതിയായി നടക്കുന്നുണ്ടെന്ന് സതീശന്‍
കേരളത്തിൽ അപ്രഖ്യാപിത നിയമന നിരോധനം എന്ന് വി ഡി സതീശൻ. പിൻവാതിൽ നിയമനങ്ങൾ തകൃതിയായി നടക്കുന്നുണ്ട്. ബോഡി ബിൽഡിംഗ് സ്പോർട്സ് ക്വാട്ട നിയമനത്തിനുള്ള കായിക ഇനമായി അംഗീകരിച്ചിട്ടില്ല. ഒളിമ്പിക്സിൽ പങ്കെടുത്തവരെ പോലും തഴഞ്ഞാണ് വിവാദ നിയമനം നടത്തിയത്.
സിപിഎം പ്രവർത്തകർക്ക് സർക്കാർ ജോലിപ്പെടുത്താനുള്ള സംവിധാനം അല്ല സ്പോർട്സ് കോട്ട നിയമനം. നേരിട്ട് ഇൻസ്പെക്ടർ റാങ്കിലേക്ക് നിയമിക്കരുതെന്ന് നിയമം ഉണ്ട്. ആഭ്യന്തരവകുപ്പും കൊടുത്ത നിർദ്ദേശങ്ങൾ തള്ളിയാണ് നിയമനം. ബോടി ബിൽഡിംഗ് താരത്തിന്‍റെ അനധകൃത നിയമനത്തിനെതിരെ പ്രതിപക്ഷം നിയമപരമായ നടപടികൾ സ്വീകരിക്കുമെന്നും പ്രതിപക്ഷ നേതാവ് അറിയിച്ചു.
കോൺഗ്രസിൽ ഞാനടക്കം ആരും മുഖ്യമന്ത്രി സ്ഥാനാർഥിയല്ലെന്നും 2006 ഓർമിപ്പിക്കരുത് എന്നും പിണറായി വിജയനോട് സതീശൻ പറഞ്ഞു.മുഖ്യമന്ത്രിയുടെ ക്ലാസ്സ് ഞങ്ങൾക്ക് വേണ്ടെന്നും അദ്ദേഹം പരിഹസിച്ചു. കോൺഗ്രസിന്‍റെ മുഖ്യമന്ത്രിയെ ദേശീയ നേതൃത്വം തീരുമാനിക്കും.ഇക്കാര്യത്തിൽ മുഖ്യമന്ത്രി അധികം തമാശ പറയരുത്. അങ്ങനെ പറഞ്ഞാൽ 2011ലെയും 2006ലേയും തമാശ താനും പറയേണ്ടി വരുമെന്നും വി ഡി സതീശൻ പറഞ്ഞു
രമേശ് ചെന്നിത്തലയെ ഭാവി മുഖ്യമന്ത്രിയെന്ന് വിശേഷിപ്പിച്ചതിൽ പരിഹാസവുമായി മുഖ്യമന്ത്രി ഇന്നലെ രംഗത്ത് വന്നിരുന്നു. തിരുവനന്തപുരത്ത് രവി പിള്ളയെ നോർക്ക ആദരിക്കുന്ന ചടങ്ങിലായിരുന്നു പിണറായിയുടെ പരാമർശം ചിരിപടർത്തിയത്. പരിപാടിയിൽ സ്വാഗതം പറഞ്ഞ രാജ് മോഹൻ രമേശ് ചെന്നിത്തലയെ ക്ഷണിച്ചപ്പോൾ അദ്ദേഹം അടുത്ത മുഖ്യമന്ത്രിയായി വരണം എന്നാണ് ആഗ്രഹം എന്ന് ആശംസിച്ചു. ഉദ്ഘാടന പ്രസംഗത്തിൽ മുഖ്യമന്ത്രി അതിന് മറുപടി പറഞ്ഞു. അത് കോൺഗ്രസ്സിൽ വലിയ ബോംബായി മാറുമെന്നായിരുന്നു പിണറായിയുടെ പരിഹാസം.