ഡോക്ടർമാർ കരാട്ടെ പഠിക്കണോയെന്ന് ആരോഗ്യമന്ത്രിയോട് ചോദിച്ച് വി.ഡി. സതീശൻ

 

വനിതാ ഡോക്ടർ മരിച്ച സംഭവത്തിൽ ആരോഗ്യമന്ത്രിയുടെ പ്രതികരണത്തിന് മറുപടിയുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ഡോക്ടർമാർ കരാട്ടെ പഠിക്കണമെന്നാണോ ആരോഗ്യ മന്ത്രി പറയുന്നതെന്ന് അദ്ദേഹം ചോദിച്ചു. കേരളത്തിൽ  ഏറ്റവും കുടുതൽ അന്വേഷണങ്ങള്‍ക്ക് ഉത്തരവിടേണ്ടി വന്നത് ആരോഗ്യമന്ത്രിക്കാണെന്നും, ഇതിൽ മന്ത്രി ഗിന്നസ് ബുക്കിൽ ഇടം നേടുമെന്നും വി.ഡി സതീശൻ പരിഹസിച്ചു. സംഭവത്തിന് കാരണം പൊലീസിന്‍റെ അനാസ്ഥയാണെന്നും ആവശ്യമായ സുരക്ഷ ഒരുക്കാതെയാണ് പ്രതിയെ ആശുപത്രിയിൽ എത്തിച്ചതെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു. 

 ''ഈ മോൾ ഒരു ഹൗസ് സർജനാണ്, അത്ര എക്‌സ്പീരിയൻസ്ഡല്ല. അതുകൊണ്ട് ഇങ്ങനെ ഒരു ആക്രമണമുണ്ടായപ്പോൾ ഭയന്നുപോയിട്ടുണ്ടാകും എന്നാണ് മറ്റു ഡോക്ടർമാർ പറഞ്ഞത്'' ആരോഗ്യമന്ത്രി വീണാ ജോർജിന്റെ പരാമർശം. ഇതിനെതിരെ വലിയ രീതിയിലുള്ള വിമർശനമാണ് ഇപ്പോൾ ഉയരുന്നത്. കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ ഹൗസ് സർജനായ വന്ദന ദാസ് ആണ് കൊല്ലപ്പെട്ടത്. പൊലീസ് വൈദ്യപരിശോധനക്ക് എത്തിച്ച പ്രതി സന്ദീപാണ് ഡോക്ടറെ ആക്രമിച്ചത്.