തിരഞ്ഞെടുപ്പിൽ എസ്ഡിപിഐയുമായി ഒരു സഹകരണവും ഇല്ലെന്ന് സതീശൻ; എൽഡിഎഫിന്റെ വിജയത്തെ ബാധിക്കില്ലെന്ന് വിജയരാഘവൻ

 

വരാനിരിക്കുന്ന് ലോക്സഭാ തിരഞ്ഞെടുപ്പിൽ എസ്ഡിപിഐ പിന്തുണ ആവശ്യപ്പെട്ടിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. എസ്ഡിപിഐയുമായി ഒരുതരത്തിലുള്ള സഹകരണവും ഇല്ലെന്നും സതീശൻ പറഞ്ഞു. തീവ്രനിലപാടുള്ള ഒരു പാർട്ടിയുമായും കോൺഗ്രസിനു ബന്ധമില്ല. ആർഎസ്എസുമായും ജമാഅത്ത് ഇസ്ലാമിയുമായും ചർച്ച നടത്തുന്നത് സിപിഎമ്മാണെന്നും സതീശൻ പറഞ്ഞു. 


അതേസമയം യുഡിഎഫിനെ പിന്തുണയ്ക്കാനുള്ള എസ്ഡിപിഐ തീരുമാനം പാലക്കാട്ട് എൽഡിഎഫിന്റെ വിജയത്തെ ബാധിക്കില്ലെന്ന് സ്ഥാനാർഥി എ.വിജയരാഘവൻ പറഞ്ഞു. പാലക്കാടിനെ സംബന്ധിച്ചിടത്തോളം അത് ജയപരാജയങ്ങൾ നിർണയിക്കുന്ന പ്രധാന ഘടകമല്ലെന്നും വിജയരാഘവൻ പറഞ്ഞു.

ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ സ്ഥാനാർഥികളെ നിർത്തില്ലെന്നും യുഡിഎഫിന് പിന്തുണ നൽകുമെന്നുമാണ് എസ്ഡിപിഐ അറിയിച്ചത്. ഇന്ത്യയുടെ ഭാവി നിർണയിക്കുന്ന തിരഞ്ഞെടുപ്പാണെന്നും രാജ്യത്തിന്റെ വീണ്ടെടുപ്പാണ് മുഖ്യ അജണ്ടയെന്നും എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് മൂവാറ്റുപുഴ അഷ്‌റഫ് മൗലവി അറിയിച്ചു.