ഹൈക്കോടതിയുടെ വിമർശനം; ലോകായുക്തക്കെതിരായ പരാമർശം വിഡി സതീശൻ പിൻവലിച്ചു
Feb 6, 2024, 13:37 IST
ഹൈക്കോടതി വിമർശനത്തിനു പിന്നാലെ ലോകായുക്തക്കെതിരായ പരാമർശം പിൻവലിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. കെ ഫോണിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജിയിലായിരുന്നു പരാമർശം. കർത്തവ്യ നിർവഹണത്തിൽ ലോകായുക്ത പരാജയമാണെന്നായിരുന്നു ഹർജിയിലെ പരാമർശം. എന്നാൽ ഈ പരാമർശത്തെ ഹൈക്കോടതി വിമർശിച്ചിരുന്നു. ഉത്തരവാദിത്തമുള്ള പദവിയിലിരുന്ന് ഇത്തരം ഒരു പരാമർശം നടത്തിയത് ശരിയായില്ല എന്നായിരുന്നു വിമർശനം. കോടതി വിമർശനത്തിന് പിന്നാലെ പരാമർശം പിൻവലിക്കുകയായിരുന്നു സതീശൻ.
കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് പരാമർശം പിൻവലിച്ചെന്ന് സതീശൻ അറിയിച്ചത്. മുഖ്യമന്ത്രി നിയമസഭയിൽ നൽകിയ മറുപടിയുടെ അടിസ്ഥാനത്തിലാണ് ഇത്തരമൊരു പരാമർശം ഉണ്ടായതെന്നും വി ഡി സതീശൻ സത്യവാങ്മൂലത്തിൽ പറയുന്നു.