പുണെയിൽ സാംപിൾ പരിശോധിക്കുകയാണ്; ഫലം ഉടൻ ലഭിക്കുമെന്നാണ് പ്രതീക്ഷയെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്
Sep 12, 2023, 19:58 IST
കോഴിക്കോട് നിപ്പ വൈറസ് സ്ഥിരീകരിച്ചതായി പുണെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടില്‍നിന്ന് പരിശോധനാഫലം വന്നിട്ടില്ലെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. നിപ്പ സംശയിക്കുന്നവരുടെ വിവരം കേന്ദ്ര ആരോഗ്യമന്ത്രിയെ അറിയിച്ചിരുന്നു. നിലവിലെ മാനദണ്ഡപ്രകാരമുള്ള നടപടികളാണ് സംസ്ഥാനം സ്വീകരിച്ചത്. ഇത് സംബന്ധിച്ച് ഒരു ആശയക്കുഴപ്പവും ഇല്ലെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി.
‘‘സാംപിൾ പുണെയിലേക്ക് അയച്ചിട്ടുണ്ട്. സാംപിൾ അവിടെ പരിശോധിക്കുകയാണ്. ഫലം ഉടൻ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് ആരോഗ്യവകുപ്പും, സംസ്ഥാന സർക്കാരും സ്വീകരിക്കേണ്ട നടപടികൾ സ്വീകരിച്ചിട്ടുണ്ട്. ആദ്യത്തെ മരണത്തിനു പിന്നാലെ, ആ വ്യക്തിയുടെ ബന്ധുക്കൾ പനി ബാധിച്ച് ആശുപത്രിയിൽ വന്നപ്പോഴാണ് സംശയമുണ്ടായത്."
"ഇതിനുശേഷമാണ് കോൺടാക്ട് ട്രെയ്സിങ്ങും എങ്ങനെ, ആരിലേക്കൊക്കെ പനി പകർന്നു എന്നുള്ള കാര്യങ്ങൾ പരിശോധിച്ചത്. പുണെയിലെ ഇതുമായി ബന്ധപ്പെട്ട വ്യക്തികളുമായും സംസാരിച്ചിരുന്നു. പരിശോധന കഴിഞ്ഞോ എന്ന് ചോദിച്ചപ്പോൾ, നടക്കുന്നുവെന്നാണ് പുണെയിൽനിന്ന് അറിയിച്ചത്’’– ആരോഗ്യമന്ത്രി വ്യക്തമാക്കി.
നിപ്പ സ്ഥിരീകരിക്കുന്ന കാര്യം കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനത്തെ അറിയിച്ചിട്ടില്ലെന്ന് മന്ത്രി പി.എ.മുഹമ്മദ് റിയാസും പറഞ്ഞിരുന്നു. കേന്ദ്രമന്ത്രിയുടെ പ്രഖ്യാപനത്തിന് ശേഷം, പുണെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ആരോഗ്യമന്ത്രി വിളിച്ചപ്പോഴും ഫലം ആയിട്ടില്ലെന്നാണ് മറുപടി ലഭിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കോഴിക്കോട്ട് മരിച്ച രണ്ടുപേർക്ക് നിപ്പ വൈറസ് സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രി മൻസൂഖ് മാണ്ഡവ്യയാണ് അറിയിച്ചത്. പുണെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലെ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചതെന്നും കേന്ദ്രസംഘം സംസ്ഥാനത്തെത്തുമെന്നും കേന്ദ്രമന്ത്രി പറഞ്ഞു. ഇതിനു പിന്നാലെയാണ് ആരോഗ്യമന്ത്രിയുടെയും, പൊതുമരാമത്ത് മന്ത്രിയുടെയും പ്രതികരണം.