വോൾവോ EX30 ഇലക്ട്രിക് കാറിന് ഈ ഉത്സവ സീസണിൽ ഓഫർ പ്രഖ്യാപിച്ചു

 

വോൾവോ EX30 ഇലക്ട്രിക് കാറിന് ഈ ഉത്സവ സീസണിൽ ഓഫർ പ്രഖ്യാപിച്ചു. ഈ കാർ ഇപ്പോൾ 39,99,000 രൂപയ്ക്ക് സ്വന്തമാക്കാം എന്ന് കമ്പനി വാർത്താക്കുറിപ്പിൽ അറിയിച്ചു. 41,00,000 രൂപയാണ് എക്‌സ്‌ഷോറൂം വില. 2025 ഒക്ടോബർ 19 ന് മുമ്പ് ബുക്ക് ചെയ്യുന്നവർക്കാണ് ഈ ഓഫർ ലഭിക്കുക. അഞ്ച് നിറങ്ങളിൽ കാർ ലഭ്യമാകും. 2025 നവംബർ ആദ്യ ആഴ്ചയിൽ ഈ കാറിൻറെ ഡെലിവറി ആരംഭിക്കും. ബെംഗളൂരുവിലെ ഹൊസക്കോട്ടിലുള്ള കമ്പനി പ്ലാന്റിൽ അസംബിൾ ചെയ്യുന്ന, വോൾവോ കാർ ശ്രേണിയിലെ മൂന്നാമത്തെ ഇവി മോഡലാണിത്. ഓരോ EX30 യിലും സ്റ്റാൻഡേർഡ് ഓഫറായി 11-kW ചാർജർ ലഭിക്കും.വോൾവോയുടെ ഇതുവരെ പുറത്തിറങ്ങിയ ഇലക്ട്രിക് കാറുകളിൽ ഏറ്റവും കുറഞ്ഞ കാർബൺ ബഹിർഗമനത്തോത് ഉള്ള കാറാണ് EX30. 

ഡെനിം, പെറ്റ് ബോട്ടിൽ, അലൂമിനിയം, പിവിസി പൈപ്പുകൾ തുടങ്ങിയവ പുനരുപയോഗിച്ചാണ് ഇതിന്റെ ആകർഷകമായ ഇന്റീരിയർ തയാറാക്കിയിരിക്കുന്നത്. നിർമാണത്തിൽ സ്‌കാൻഡിനേവിയൻ ഡിസൈനുകളും ആധുനിക സാങ്കേതിക വിദ്യയും സമന്വയിപ്പിച്ച EX30 യൂറോ എൻസിഎപി സുരക്ഷാ പരിശോധനയിൽ ഫൈവ് സ്റ്റാർ റേറ്റിങ് നേടിയിട്ടുണ്ട്. വാഹനങ്ങൾ തമ്മിലുള്ള കൂട്ടിയിടി കുറയ്ക്കാനായി ഇന്റർസെക്ഷൻ ഓട്ടോ-ബ്രേക്ക്, ഡോർ അപ്രതീക്ഷിതമായി തുറക്കുമ്പോൾ സംഭവിക്കുന്ന അപകടങ്ങൾ തടയാനായി ഡോർ ഓപൺ അലേർട്ട്, അഞ്ച് ക്യാമറകൾ, അഞ്ച് റഡാറുകൾ, 12 അൾട്രാസോണിക് സെൻസറുകൾ എന്നിവ ഉൾപ്പടെ നൂതന സേഫ് സ്‌പേസ് ടെക്‌നോളജിയും സുരക്ഷാ ഉപകരണങ്ങളും EX30 യിലുണ്ട്.

സ്‌കാൻഡിനേവിയൻ ഋതുഭേദങ്ങളിൽ നിന്നും പ്രചോദനമുൾക്കൊണ്ട് തയാറാക്കിയ ക്യാബിനിലെ അഞ്ച് ആംബിയന്റ് ലൈറ്റിംഗ് തീമുകളും ശബ്‍ദസംവിധാനവും വ്യത്യസ്തമായ അനുഭവം സമ്മാനിക്കും. 1040W ആംപ്ലിഫയറും 9 ഹൈ പെർഫോമൻസ് സ്പീക്കറുകളും അടങ്ങിയ പുതിയ ഹാർമൻ കാർഡൺ സൗണ്ട്ബാർ, അത്യാധുനിക സറൗണ്ട് സൗണ്ട് അനുഭവം നൽകുന്നു. 12.3 ഇഞ്ച് ഹൈ-റെസല്യൂഷൻ സെന്റർ ഡിസ്പ്ലേയിൽ ഗൂഗിൾ ബിൽറ്റ്-ഇൻ, 5G കണക്റ്റിവിറ്റി, ഓവർ-ദി-എയർ (OTA) അപ്ഡേറ്റുകൾ എന്നിവ ഉൾപ്പെടുന്നു. ഈ ആകർഷകമായ രൂപകൽപ്പനയ്ക്ക് റെഡ് ഡോട്ട് അവാർഡിലെ ബെസ്റ്റ് ഓഫ് ദ് ബെസ്റ്റ് പ്രോഡക്ട് ഡിസൈൻ 2024, വേൾഡ് അർബൻ കാർ ഓഫ് ദി ഇയർ 2024 എന്നിവയുൾപ്പെടെയുള്ള അന്താരാഷ്ട്ര അംഗീകാരങ്ങളും ലഭിച്ചിട്ടുണ്ട്.

എട്ടു വർഷത്തെ ബാറ്ററി വാറന്റിയും വാൾ ബോക്‌സ് ചാർജറും വോൾവോ ഉറപ്പുനൽകുന്നു. ഡിജിറ്റൽ കീ സൗകര്യം ഉപയോഗിച്ച് കാർ സൗകര്യപൂർവം കൈകാര്യം ചെയ്യാം. നിയർ ഫീൽഡ് കമ്യൂണിക്കേഷൻ സൗകര്യം ഉപയോഗിച്ച് ഒരു കാർഡ് ടാപ് ചെയ്‌തോ വോൾവോ കാർ ആപ്പിലെ ഡിജിറ്റൽ കീ പ്ലസ് ഉപയോഗിച്ച് നിങ്ങളുടെ ഫോൺ കൊണ്ടോ കാർ ഉപയോഗിക്കാം. ഇന്ത്യൻ വിപണിയിലെ ഉപഭോക്താക്കൾക്കായി ഇത്രയും വിസ്മയകരമായ നിരക്കിൽ വോൾവോ EX30 അവതരിപ്പിക്കാൻ സാധിച്ചതിൽ അതിയായ സന്തോഷമുണ്ടെന്ന് വോൾവോ കാർ ഇന്ത്യ മാനേജിങ് ഡയറക്ടർ ജ്യോതി മൽഹോത്ര പറഞ്ഞു. കരുത്ത്, രൂപഭംഗി, ആഡംബരം എന്നിവ ഇഷ്ടപ്പെടുന്ന പുതുതലമുറയെ ആകർഷിക്കാൻ ഈ മോഡലിനാകുമെന്ന് കരുതുന്നുവെന്നും പ്രകടന മികവ്, വിപുലമായ ശ്രേണി, ആധുനികരൂപം, അനായാസം സ്വന്തമാക്കാനുള്ള സൗകര്യം എന്നിവ കൊണ്ട് EX30 ഉപഭോക്താക്കളുടെ ഇവി അനുഭവത്തെ പുനർ നിർവചിക്കും എന്നും ജ്യോതി മൽഹോത്ര വ്യക്തമാക്കി.