എൻഡിഎയുടെ ഉപരാഷ്ട്രപതി സ്ഥാനാർഥി സി.പി രാധാകൃഷ്ണൻ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു

 

ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിലേക്ക് എൻഡിഎയുടെ സ്ഥാനാർഥി സി.പി രാധാകൃഷ്ണൻ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദിക്കും കേന്ദ്രമന്ത്രിമാർക്കുമൊപ്പമെത്തിയായിരുന്നു പത്രിക സമർപ്പിച്ചത്. ആഭ്യന്തരമന്ത്രി അമിത് ഷാ, പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്, ആരോഗ്യമന്ത്രിയും ബി.ജെ.പി ദേശീയ അധ്യക്ഷനുമായ ജെ പി നദ്ദ, ഗതാഗതമന്ത്രി നിതിൻ ഗഡ്കരി എന്നിവരാണ് പ്രധാനമന്ത്രിക്കൊപ്പം സി.പി രാധാകൃഷ്ണനെ അനുഗമിച്ചത്. പ്രധാന പത്രികയ്‌ക്കൊപ്പം മൂന്ന് സെറ്റ് പത്രികകൂടി സി.പി രാധാകൃഷ്ണൻ സമർപ്പിച്ചിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ആദ്യത്തെ പത്രിക വരണാധികാരിക്ക് സമർപ്പിച്ചത്. 

നാമനിർദ്ദേശ പത്രിക സമർപ്പിക്കുന്നതിന് മുമ്പ് അദ്ദേഹം പാർലമെന്റ് വളപ്പിലെ മഹാത്മാഗാന്ധിയുടെ അടക്കമുള്ള നേതാക്കളുടെ പ്രതിമകൾ സ്ഥാപിച്ചിരിക്കുന്ന പ്രേരണാ സ്ഥലിലെത്തി അഭിവാദ്യങ്ങൾ അർപ്പിച്ചു. കഴിഞ്ഞ ഞായറാഴ്ചയാണ് രാധാകൃഷ്ണന്റെ സ്ഥാനാർഥിത്വം ബി.ജെ.പി പ്രഖ്യാപിച്ചത്. തമിഴ്‌നാട്ടിൽ നിന്നുള്ള മുതിർന്ന ബിജെപി നേതാവാണ് സി.പി രാധാകൃഷ്ണൻ. മുൻ പാർലമെന്റ് അംഗവും ഝാർഖണ്ഡ്, തെലങ്കാന സംസ്ഥാനങ്ങളിലെ ഗവർണറുമായിരുന്നു. നിലവിൽ മഹാരാഷ്ട്ര ഗവർണറാണ്.