വയനാട് ഉരുൾപ്പൊട്ടൽ: പുനരധിവാസ പട്ടികയിൽ 49 പേരെക്കൂടി ഉൾപ്പെടുത്തി, ആകെ ഗുണഭോക്താക്കൾ 451

 

ചൂരൽമലയിലും മുണ്ടക്കൈയിലുമുണ്ടായ ഉരുൾപ്പൊട്ടലിൽ ദുരിതമനുഭവിക്കുന്ന 49 പേരെക്കൂടി പുനരധിവാസ ഗുണഭോക്താക്കളുടെ പട്ടികയിൽ ഉൾപ്പെടുത്താൻ മന്ത്രിസഭായോഗം തീരുമാനിച്ചു. ഇതോടെ ഇവർക്കും വയനാട് ടൗൺഷിപ്പ് പദ്ധതിയുടെ ആനുകൂല്യം ലഭിക്കും.വയനാട് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി (DDMA) നൽകിയ അപ്പീൽ പരിഗണിച്ചാണ്, 49 പേരെക്കൂടി പട്ടികയിൽ ഉൾപ്പെടുത്താൻ സർക്കാർ തീരുമാനിച്ചത്.

സാങ്കേതിക കാരണങ്ങളാൽ പട്ടികയിൽ ഉൾപ്പെടാതെ പോയവരെയാണ് ഇപ്പോൾ ടൗൺഷിപ്പ് പദ്ധതിയുടെ ഗുണഭോക്താക്കളായി ചേർത്തതെന്ന് റവന്യു മന്ത്രി കെ. രാജൻ അറിയിച്ചു. 48 പേരെക്കൂടി പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് DDMA സർക്കാരിന് ശുപാർശ നൽകിയിരുന്നു. ഇതിനുപുറമെ, ഒരു പ്രത്യേക കേസും ലഭിച്ചു. അങ്ങനെ ആകെ 49 പേരെക്കൂടി ഉൾപ്പെടുത്താൻ മന്ത്രിസഭാ യോഗം തീരുമാനിക്കുകയായിരുന്നുവെന്ന് മന്ത്രി വ്യക്തമാക്കി.

പുനരധിവാസ ഗുണഭോക്താക്കളുടെ ആദ്യ പട്ടിക വലിയ വിമർശനങ്ങൾക്ക് ഇടയാക്കിയിരുന്നു. ദുരന്തബാധിതർക്ക് തന്നെ സർക്കാരിനെതിരെ സമരം ചെയ്യേണ്ട സാഹചര്യവും ഉണ്ടായി. നേരത്തെ 402 പേരുടെ പട്ടികയാണ് സർക്കാർ പുറത്തുവിട്ടത്. എന്നാൽ, '50 മീറ്റർ പരിധി' എന്ന സാങ്കേതിക പ്രശ്‌നം ചൂണ്ടിക്കാട്ടി പുഞ്ചിരിമട്ടത്തെ ഉൾപ്പെടെ നിരവധി പേർക്ക് പട്ടികയിൽ ഇടം ലഭിച്ചിരുന്നില്ല. ഇതോടെയാണ് വ്യാപക പ്രതിഷേധങ്ങൾ ഉയർന്നത്. ജില്ലാ ഭരണകൂടം നൽകിയ ശുപാർശയുടെ അടിസ്ഥാനത്തിൽ പുതുതായി 49 പേരെക്കൂടി ഉൾപ്പെടുത്തിയതോടെ, ടൗൺഷിപ്പ് പദ്ധതിയുടെ ഗുണഭോക്താക്കളുടെ എണ്ണം 451 ആയി ഉയർന്നു.