വയനാട്ടിൽ വൻ ഭൂരിപക്ഷത്തിൽ പ്രിയങ്ക ഗാന്ധി; ഒരു ലക്ഷം കടന്ന് പ്രിയങ്ക

 

വയനാട്ടില്‍ പ്രിയങ്ക ഗാന്ധിയുടെ ലീഡ് ഒരുലക്ഷം കടന്ന് മുന്നേറുന്നു. 12456 വോട്ടിന്റെ ലീഡാണ് വയനാട്ടില്‍ പ്രിയങ്ക ഗാന്ധിക്കുള്ളത്. വയനാട്ടിൽ വോട്ടെണ്ണലിന്റെ തുടക്കംമുതല്‍ മുന്നിട്ടുനിന്ന പ്രിയങ്ക ലീഡ് ഉയർത്തി മുന്നേറുകയാണ്. ഈ മുന്നേറ്റം തുടരുകയാണെങ്കില്‍ ചരിത്ര ഭൂരിപക്ഷത്തിന്‍റെ ക്ലൈമാക്‌സിലേക്കായിരിക്കും വയനാട് നീങ്ങുക. മണ്ഡല രൂപീകരണ കാലംമുതല്‍ യു.ഡി.എഫിനെ കൈവിടാത്ത വയനാട് ലോക്‌സഭാ മണ്ഡലം ഇത്തവണയും മാറ്റമൊന്നുമില്ലാതെ തുടരുമെന്നാണ് ഉപതിരഞ്ഞെടുപ്പിലെ ഫലസൂചനകള്‍ വ്യക്തമാവുന്നത്.

ഏറെ നേരം പിന്നിൽനിന്ന ശേഷം അഞ്ചാം റൗണ്ടിൽ ലീഡ് തിരിച്ചുപിടിച്ച് എൻഡിഎ സ്ഥാനാർഥി സി.കൃഷ്ണകുമാർ. ചേലക്കരയിൽ എൽ.ഡി.എഫിലെ യു.ആർ. പ്രദീപ് ലീഡ് ഉയർത്തിക്കൊണ്ടിരിക്കുകയാണ്.

2009-ല്‍ മണ്ഡല പുനര്‍നിര്‍ണയത്തിന് ശേഷമാണ് വയനാട് ലോക്‌സഭാ മണ്ഡലം രൂപംകൊണ്ടതെങ്കിലും അന്നുമുതല്‍ ഇങ്ങോട്ട് യു.ഡി.എഫിന്റെ ഉറച്ചകോട്ടയായിരുന്നു. 2009-ല്‍ 153439 വോട്ടിന്റെയും 2014 -ല്‍ 20870 വോട്ടിന്റെയും ഭരിപക്ഷത്തില്‍ എം.ഐ ഷാനവാസിനെ വിജയിപ്പിച്ച മണ്ഡലം, 2019-ല്‍ 4,31,770 എന്ന ചരിത്ര ഭൂരിപക്ഷമാണ് രാഹുൽ ഗാന്ധിയ്ക്ക് നൽകിയത്. 2024-ല്‍ 364,422 ആയി ഭൂരിപക്ഷം കുറഞ്ഞെങ്കിലും ഇതിനെ മറികടക്കുകയെന്നാണ് പ്രിയങ്കാ ഗാന്ധിയെ നിര്‍ത്തിയതിലൂടെ യു.ഡി.എഫ് ലക്ഷ്യമിട്ടിരുന്നത്.

രാജ്യം കണ്ട ഏറ്റവും വലിയ പ്രകൃതി ദുരന്തത്തിന് ശേഷം വയനാട്ടില്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ വോട്ടിങ് ശതമാനത്തില്‍ കുറവുണ്ടായപ്പോള്‍ അത് മൂന്ന് മുന്നണികളേയും ആശങ്കപ്പെടുത്തിയിരുന്നുവെങ്കിലും തങ്ങളുടെ വോട്ടുകള്‍ കൃത്യമായി പോള്‍ ചെയ്യിക്കാനായെന്ന ആത്മവിശ്വാസത്തിലായിരുന്നു യു.ഡി.എഫ്. അത് ശരിവെക്കുന്നതാണ് ആദ്യ ഫലസൂചനകള്‍.