'സ്വന്തം കുട്ടി ലഹരി ഉപയോഗിക്കില്ലെന്ന് ആശ്വസിക്കും'; അശ്രദ്ധ അരുതെന്ന് പാണക്കാട് തങ്ങൾ
Mar 10, 2025, 10:38 IST
ലഹരിക്കെതിരെ മുന്നറിയിപ്പുമായി പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ. ശ്രദ്ധ വീട്ടിൽ നിന്ന് തുടങ്ങണം. സ്വന്തം വീട്ടിൽ കള്ളൻ കയറില്ലെന്ന് ആരും കരുതരുത്. എത്ര സുരക്ഷിതമാണെങ്കിലും ഒരു ദിവസം കള്ളൻ കയറുമെന്ന ചിന്ത വേണം. നമ്മൾ സുരക്ഷിതരല്ല. അശ്രദ്ധയുണ്ടായാൽ എവിടെ വേണമെങ്കിലും ലഹരി കടന്നു വരാം.
തന്‍റെ കുട്ടി ലഹരി ഉപയോഗിക്കില്ലെന്ന് നമ്മൾ ആശ്വസിക്കും. പക്ഷെ സംഭവിക്കുന്നത് മറിച്ചാണ്. നാളെ നമ്മുടെ വീട്ടിലും ഇതെല്ലാം വന്നേക്കാമെന്ന ജാഗ്രത എല്ലാവർക്കും വേണം. കുട്ടികളേയും യുവതീ - യുവാക്കളേയും പ്രത്യേകമായി നിരീക്ഷിക്കണമെന്നും പാണക്കാട് തങ്ങൾ ആവശ്യപ്പെട്ടു. മലപ്പുറം ചെമ്മാട് റംസാൻ പ്രഭാഷണ പരമ്പരയിൽ സംസാരിക്കുകയായിരുന്നു പാണക്കാട് തങ്ങൾ.