'അമേരിക്ക കീഴടങ്ങും വരെ പോരാട്ടം തുടരും'; ട്രംപിനെ തള്ളി ഇറാന്‍

 

ഇറാനെതിരായ യുദ്ധത്തിൽ വിജയം സുനിശ്ചിതമാണെന്ന യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അവകാശവാദങ്ങളെ തള്ളിക്കൊണ്ട് ഇറാൻ രംഗത്ത്. അമേരിക്ക കീഴടങ്ങും വരെ പോരാട്ടം തുടരുമെന്നും വരും ദിവസങ്ങളിൽ കൂടുതൽ വിനാശകരമായ ആക്രമണങ്ങൾ നേരിടാൻ തയ്യാറെടുക്കണമെന്നും ഇറാൻ മുന്നറിയിപ്പ് നൽകി. യുദ്ധം തുടങ്ങി നാലാഴ്ച പിന്നിടുമ്പോൾ ട്രംപ് നടത്തിയ പ്രസംഗത്തിന് മറുപടിയായി ഇറാൻ വിദേശകാര്യ മന്ത്രാലയ വക്താവ് ഇസ്മായിൽ ബഗായ് ആണ് രാജ്യത്തിന്റെ നിലപാട് വ്യക്തമാക്കിയത്.

യുദ്ധവും വെടിനിർത്തലും തങ്ങളുടെ മേൽ അടിച്ചേൽപ്പിക്കാനുള്ള അമേരിക്കൻ നീക്കം അംഗീകരിക്കില്ലെന്ന് ഇറാൻ വ്യക്തമാക്കി. യുഎസ്-ഇസ്രായേൽ സഖ്യം ആക്രമണം തുടരുന്നിടത്തോളം കാലം ശക്തമായ തിരിച്ചടി നൽകുമെന്നും ഇത് ഇറാൻ ജനതയുടെ മേൽ അടിച്ചേൽപ്പിക്കപ്പെട്ട അന്യായമായ യുദ്ധമാണെന്നും വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. അതേസമയം, ഗൽഫ് രാജ്യങ്ങളെ തങ്ങൾ ശത്രുക്കളായി കാണുന്നില്ലെന്നും ഇറാൻ കൂട്ടിച്ചേർത്തു.

'സർവ്വശക്തനായ ദൈവത്തിൽ വിശ്വസിച്ചുകൊണ്ട്, നിങ്ങളുടെ കീഴടങ്ങൽ വരെ ഈ യുദ്ധം തുടരും' എന്നായിരുന്നു ഇറാന്റെ സൈനിക കമാൻഡ് ആയ 'ഖതം അൽഅൻബി' സ്റ്റേറ്റ് ടെലിവിഷനിലൂടെ നൽകിയ മുന്നറിയിപ്പ്. 'ഓപ്പറേഷൻ എപ്പിക് ഫ്യൂറി'യിലൂടെ ഇറാന്റെ സൈനിക ശേഷിയും നാവിക-വ്യോമ സേനകളും തകർത്തുവെന്ന ട്രംപിന്റെ പ്രഖ്യാപനത്തിന് പിന്നാലെ ഇസ്രായേലിന് നേരെ ഇറാൻ വൻതോതിൽ മിസൈൽ ആക്രമണം നടത്തിയിരുന്നു. ഇറാന്റെ നേതൃത്വം ഇല്ലാതായെന്ന ട്രംപിന്റെ വാദം തെറ്റാണെന്ന് തെളിയിക്കുന്നതാണ് ഇപ്പോഴത്തെ ഇറാന്റെ ഔദ്യോഗിക പ്രതികരണങ്ങൾ.