ക്ഷേമ പെൻഷൻ വിതരണം ഇന്ന് മുതൽ; തുക അനുവദിച്ചു

 

സംസ്ഥാനത്ത് ക്ഷേമ പെൻഷൻ നൽകാനുള്ള തുക അനുവ​ദിച്ച് ധന വകുപ്പ്. പെൻഷൻ വിതരണം ഇന്ന് തന്നെ തുടങ്ങണമെന്നു ഉത്തരവിൽ പറയുന്നു. 684 കോടി 29 ലക്ഷം രൂപയാണ് അനുവ​ദിച്ചത്. ഒരു മാസത്തെ പെൻഷനുള്ള തുകയാണ് അനുവദിച്ചത്. ഈ മാസം 26നുള്ളിൽ പെൻഷൻ വിതരണം പൂർത്തിയാക്കും. നാല് മാസത്തെ കുടിശ്ശികയാണ് നല്‍കാനുള്ളത്. എന്നാൽ ഇപ്പോൾ  ഒരു മാസത്തെ കുടിശ്ശിക നല്‍കാനാണ്  തുക അനുവദിച്ചിരിക്കുന്നത്.

ഇടതു സര്‍ക്കാര്‍ അധികാരത്തിൽ വന്ന ശേഷം ഇത്ര വലിയ കുടിശ്ശിക ക്ഷേമ പെൻഷനിലുണ്ടാകുന്നത് ആദ്യമാണ്. പ്രതിസന്ധി കാലത്തെ സര്‍ക്കാര്‍ മുൻഗണനകളെ കുറിച്ച് വലിയ വിമര്‍ശനങ്ങൾ ഉയരുന്നതിനിടയാണ് ഒരു മാസത്തെ ക്ഷേമ പെൻഷൻ അനുവദിച്ചെന്ന് ധനവകുപ്പ് അറിയിച്ചത്.  50 , 90390 പേരാണ് നിലവിൽ ലിസ്റ്റിലുള്ളതെന്നാണ് തദ്ദേശ വകുപ്പ് കണക്ക്. പെൻഷൻ കിട്ടുന്ന ഓരോരുത്തർക്കും 6400 രൂപ വീതമാണ് ഇപ്പോൾ കിട്ടാനുള്ളത്. പെൻഷൻകാർ അടക്കം അടിസ്ഥാന ജനവിഭാഗങ്ങളിൽ അസംതൃപ്തിയുണ്ടാക്കുന്നത് വലിയ തിരിച്ചടിയാണെന്ന് സിപിഎം നേതൃയോഗത്തിലും വിമർശനം ഉയർന്നിരുന്നു.