പിണറയി വിജയൻ നടത്തുന്നത് കെട്ടുകാഴ്ച്ച, പാവങ്ങൾക്കിവിടെ ഇടമില്ല; കെ സുധാകരന്
ജനസമ്പര്‍ക്ക പരിപാടി നടത്തിയ മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ കല്ലെറിയുന്നതിനും പരിപാടി തടയുന്നതിനും ജനങ്ങളെ ആക്രമിക്കുന്നതിനും നിര്‍ദേശം നല്കിയ അന്നത്തെ പാര്‍ട്ടി സെക്രട്ടറി പിണറായി വിജയന് നവകേരള സദസ് ബഹിഷ്കരിച്ച യുഡിഎഫിനെ വിമര്‍ശിക്കാന്‍ എന്ത് അര്‍ഹതയാണുള്ളതെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന് . പിണറായിയുടെ കെട്ടുകാഴ്ചയില്‍ പാവപ്പെട്ടവര്‍ക്ക് സ്ഥാനമില്ലാത്തതുകൊണ്ടാണ് യുഡിഎഫ് ബഹിഷ്കരിച്ചത്. മഞ്ചേശ്വരത്തു നടന്ന പൊതുപരിപാടിയില്‍ പാവപ്പെട്ടവര്‍ക്ക് പുറമ്പോക്കിലായിരുന്നു സ്ഥാനം. ഒരു പരാതി പോലും പരിഹരിക്കുകയോ ഒരു രൂപയുടെ ധനസഹായം നല്‍കുകയോ ചെയ്തില്ലായെന്ന് സുധാകരന് പറഞ്ഞു.
ഉമ്മന്‍ ചാണ്ടി 2011, 2013, 2015 വര്‍ഷങ്ങളില്‍ മൂന്നു തവണ നടത്തിയ ജനസമ്പര്‍ക്ക പരിപാടിയില്‍ കാസര്‍കോഡ് ജില്ലയിലെ 94,696 പരാതികളാണ് പരിഹരിച്ചത്. പാവപ്പെട്ടവര്‍ക്ക് 11.94 കോടി രൂപയും വിതരണം ചെയ്തു. 47 മണിക്കൂര്‍ അദ്ദേഹം കാസര്‍കോഡ് പാവപ്പെട്ടവരോടൊത്ത് ചെലവഴിച്ചു. എന്നാല്‍ ഇങ്ങനെയൊരു തപസ്യയ്ക്ക് പിണറായി വിജയന് തയാറായില്ല. ബെന്‍സ് വാഹനവും തലപ്പാവുമൊക്കെയായി രാജാപ്പാര്‍ട്ട് കെട്ടാനാണ് അദ്ദേഹത്തിന്റെ മോഹം. സുധാകരന് കുറ്റപ്പെടുത്തി.