ജസ്ന എവിടെ ? സി.ബി.ഐ റിപ്പോർട്ട് തള്ളണമെന്ന അച്ഛന്റെ ഹർജി ഇന്ന് കോടതി പരിഗണിക്കും 
 

 

ജസ്ന മരിയ തിരോധാന കേസ് ഇന്ന് വീണ്ടും കോടതിയിൽ. അന്വേഷണം അവസാനിപ്പിക്കുന്നുവെന്ന സിബിഐ തീരുമാനത്തിനെതിരെ ജെസ്നയുടെ പിതാവ് സമർപ്പിച്ച ഹർജിയാണ് ഇന്ന് പരിഗണിക്കുക. തിരുവനന്തപുരം ചീഫ് മജിസ്ട്രേറ്റ് കോടതി ഹർജി പരിഗണിക്കും. ഹർജിയിൽ സിബിഐ ഇന്ന് കോടതിയിൽ വിശദീകരണം നൽകും. ആറുവർഷം അന്വേഷിച്ചിട്ടും ജസ്നയെ കുറിച്ച് ഒരു വിവരവും ലഭിക്കാത്ത പശ്ചാത്തലത്തിലാണ് കേസ് അന്വേഷണം അവസാനിപ്പിക്കാൻ സിബിഐ തീരുമാനിച്ചത്. കേസിൽ സിബിഐ സമർപ്പിച്ച അന്തിമ റിപ്പോർട്ട് തള്ളി തുടരന്വേഷണം നടത്തണമെന്നാണ് ജസ്നയുടെ അച്ഛന്റെ ആവശ്യം.

ജസ്നയുടെ തിരോധാനവുമായി ബന്ധപെട്ട് പല കാര്യങ്ങളും സിബിഐ അന്വേഷിച്ചിട്ടില്ലെന്നാണ് ഹർജിയിലെ പരാതി. ജസ്നയെ കാണാതായ സ്ഥലത്തോ, ജസ്നയുടെ സുഹൃത്തിനെ പറ്റിയോ, അന്വേഷണം നടത്തിയില്ലെന്നാണ് പരാതി. എന്നാൽ വിശദമായ അന്വേഷണം നടത്തിയിട്ടുണ്ടെന്നാണ് സിബിഐ വാദം. തിരോധാനത്തിന് പിന്നിൽ തീവ്രവാദ സംഘങ്ങൾക്ക് പങ്കുണ്ടെന്നതിനോ മതപരിവർത്തനം നടത്തിയതിനോ തെളിവില്ല. ജസ്ന മരിച്ചെന്നും കണ്ടെത്താനായിട്ടില്ല എന്നും സിബിഐ റിപ്പോർട്ടിലുണ്ട്. അതിനാൽ ജസ്നയെ കണ്ടെത്താനായില്ല എന്ന നി​ഗമനത്തിൽ സിബിഐ നൽകുന്ന വിശദീകരണ റിപ്പോർട്ട് കേസിൽ നിർണായകമാണ്.