ജെസ്ന എവിടെ ? ആ പുസ്തകം, സിസിടിവി ദൃശ്യങ്ങൾ; വീണ്ടും അന്വേഷണം തുടരണം; ഉത്തരം ലഭിക്കാതിരിക്കില്ല; കെ.ജി സൈമൺ

 

മലയാളികൾ  ഏറെ നാളായി  അന്വേഷിക്കുന്ന ഉത്തരം ലഭിക്കാത്ത ഒരു ചോദ്യമുണ്ട്.  ജെസ്ന എവിടെ ? പലരും പലതവണ കേസ് അന്വേഷിച്ചു. ഒടുവിൽ  സിബിഐയും എത്തി. അപ്പോഴും നിരാശയായിരുന്നു ഫലം.  ഷെർലഹോംസിന്റെ കുറ്റാന്വേഷണ കഥകൾ വായിച്ചു ശീലമുള്ള 
മലയാളികൾക്ക് മികവോടെ കേസ് തെളിയിക്കാൻ കഴിവുള്ള കേരള പോലീസ് എന്നും ഒരു അത്ഭുതമാണ്. ഇങ്ങനെ മിടുക്കനായ ഒരു പോലീസ് ഉദ്യോഗസ്ഥനാണ് എസ്. പി കെ ജി സൈമൺ. 19 വർഷങ്ങൾക്കിപ്പുറം കൂടത്തായി കേസ് അദ്ദേഹം പുഷ്പം പോലെ തെളിയിച്ചു. ചങ്ങനാശ്ശേരി മഹാദേവൻ കൊലക്കേസ്,  മിഥില മോഹൻ കൊലക്കേസ് അങ്ങനെ പല കേസുകളും അദ്ദേഹം തെളിയിച്ചിട്ടുണ്ട്. ജെസ്ന എവിടെ ?  എന്ന് ചോദ്യത്തിന് സൈമൺ മറുപടി നൽകുന്നു. 

ജെസ്ന എന്ന പെൺകുട്ടി ജീവിച്ചിരുന്നല്ലോ ? രാവിലെ പോയല്ലോ ? ബസ്സിൽ കയറി പോകുന്നത് കണ്ടല്ലോ ? എവിടെയെന്ന്  കണ്ടുപിടിക്കേണ്ട ബാധ്യത നമുക്കില്ലേ ?  ചില കാര്യങ്ങളിൽ ഒരു ഉത്തരം ലഭിക്കേണ്ടതുണ്ട്. അതിന്  വേണ്ടിയാണ് ശ്രമിക്കുന്നത്. അതിന്  ചിലപ്പോൾ ദൈർഘ്യം എടുത്തേക്കാം. പക്ഷേ ജെസ്നയ്ക്ക് നീതി കിട്ടുക എന്നത് ഉറപ്പായും സംഭവിക്കേണ്ട കാര്യമാണ്. ഒരാൾ ഒറ്റയ്ക്കാണ് ഒരു കുറ്റകൃത്യം ചെയ്തതെങ്കിൽ അത് തെളിയിക്കാൻ പ്രയാസമാണ്. കൂട്ടാളി ഉണ്ടെങ്കിൽ വേഗത്തിൽ കണ്ടെത്താനാവും. ഇവിടെ എന്താണ് സംഭവിച്ചത്. ആ കുട്ടി സ്വയം ഇറങ്ങിപ്പോയി. ആരും കാണരുതെന്ന് ആഗ്രഹത്തിലാണ് പോയത്. ആരുടെയും സഹായം ലഭിച്ചിട്ടില്ല എന്ന് ഉറപ്പാണ്. അങ്ങനെയൊരു കേസ് തെളിയിക്കുക ബുദ്ധിമുട്ടാണ്. ചില സംശയങ്ങൾ ഇപ്പോഴും ബാക്കിയുണ്ട് എന്നും സൈമൺ പറയുന്നു. 

ജെസ്നയുടെ സുഹൃത്തുക്കളെയും സുഹൃത്തുക്കളുടെ സുഹൃത്തുക്കളെയും കേന്ദ്രീകരിച്ച് അന്വേഷണം നടന്നു. കൂട്ടുകാർ, ഫോൺ കോൾ അവരുടെ വിവരങ്ങൾ, ലൊക്കേഷൻ, വിദേശയാത്ര എല്ലാം ഇനിയും പരിശോധിക്കും. സൈമൺ പറയുന്നു. ജെസ്ന ഒരു പുസ്തകവുമായാണ് പോയത്. എടിഎമ്മിൽ നിന്നും കാശ് എടുത്തിരുന്നു. ഇതിനെക്കുറിച്ച് അന്വേഷിക്കും. ഏറെ ശ്രമകരമായ ദൗത്യമാണിത്. എരുമേലിയിൽ നിന്നും മുക്കോട്ടു തറയിലേക്ക് കയറിയ വണ്ടിയിൽ ആരെല്ലാമാണ് യാത്രയ്ക്കായി ഉണ്ടായിരുന്നത് എന്നത് സംബന്ധിച്ച് അന്വേഷണം നടന്നു. പക്ഷേ ഒന്നോരണ്ടോ പേരെ മാത്രമേ കണ്ടെത്താൻ കഴിഞ്ഞുള്ളൂ.  സിസിടിവി ദൃശ്യങ്ങൾ എല്ലാം പരിശോധിച്ചു. കേരള പോലീസ് കേസ് തിരിച്ചെടുക്കണമെന്നും അങ്ങനെ ചെയ്യാൻ നിയമം അനുവദിക്കുന്നുണ്ട് എന്നും സൈമൺ പറയുന്നു. 

 ക്രൈംബ്രാഞ്ചിന് കേസ് കൊടുക്കണം എന്നാണ് എൻറെ അഭിപ്രായം. നമ്മുടെ ഓഫീസർമാർ കണ്ടെത്തുമെന്ന് വിശ്വാസമുണ്ട്. കാരണം കേരള പോലീസിലെ ടീം വർക്ക് അത്ര മികച്ചതാണ്. ഓരോ കേസും അന്വേഷിക്കുന്നത് പോലീസ് ഉദ്യോഗസ്ഥർ അത്രയും ശ്രമവും ത്യാഗവും ചെയ്തിട്ടാണ്. ഇത് ആരും അറിയുന്നില്ല. ജെസ്‌ന കേസ് അന്വേഷിക്കാൻ കേരള പോലീസിന് കഴിയും. കെ.ജി സൈമൺ വ്യക്തമാക്കുന്നു.