ഇന്ത്യൻ മഹാസമുദ്രത്തിലെ ചുഴലിക്കാറ്റുകൾക്ക് പേരിടുന്നത് ആര്?
ഓഖി ,മോറ, സാഗർ തുടങ്ങിയവയൊക്കെ ചുഴലിക്കാറ്റുകളുടെ പേരാണ്. ഇന്ത്യൻ മഹാസമുദ്രത്തിൽ രൂപം കൊള്ളുന്ന ചുഴലിക്കാറ്റുകൾക്ക് പേരിടുന്നതിന് ആ മേഖലയിലെ രാജ്യങ്ങൾ റൊട്ടേഷൻ അടിസ്ഥാനത്തിലാണ് എന്ന് നിങ്ങൾക്ക് അറിയാമോ?
ലോക കാലാവസ്ഥാ സംഘടനയുടെ (World Meteorological Organization) കീഴിലുള്ള ESCAP (Economic and Social Commission for Asia and the Pacific) പാനലിൽ അംഗങ്ങളായ 13 രാജ്യങ്ങൾ ചേർന്നാണ് ഈ പേരുകൾ തീരുമാനിക്കുന്നത്.
ഇന്ത്യ,ബംഗ്ലാദേശ്,മാലദ്വീപ്,മ്യാൻമർ,ഒമാൻ,പാകിസ്താൻ,ശ്രീലങ്ക,തായ്ലൻഡ്,ഇറാൻ,ഖത്തർ,സൗദി അറേബ്യ,യു.എ.ഇ,യെമൻ തുടങ്ങിയവയാണ് ആ രാജ്യങ്ങൾ. ഈ 13 രാജ്യങ്ങളും ചേർന്ന് 13 പേരുകൾ വീതം നിർദ്ദേശിക്കുന്നു. അങ്ങനെ ആകെ 169 പേരുകളുള്ള ഒരു വലിയ പട്ടിക (Matrix) മുൻകൂട്ടി തയ്യാറാക്കി വെക്കുന്നു.രാജ്യങ്ങളുടെ ഇംഗ്ലീഷ് അക്ഷരമാലാക്രമത്തിലാണ് പേരുകൾ ഓരോന്നായി ചുഴലിക്കാറ്റുകൾക്ക് നൽകുന്നത്. ഉദാഹരണത്തിന് ബംഗ്ലാദേശ് നിർദ്ദേശ പേരിനു ശേഷം ഇന്ത്യ നിർദ്ദേശം പേര് അതിനുശേഷം ഇറാൻ എന്നീ ക്രമത്തിൽ
ഒരു കാറ്റ് ഉണ്ടാകുമ്പോൾ പട്ടികയിലെ ആദ്യത്തെ പേര് നൽകും. അടുത്ത കാറ്റ് വരുമ്പോൾ തൊട്ടടുത്ത രാജ്യം നിർദ്ദേശിച്ച പേര് നൽകും. ഒരു പട്ടികയിലെ പേരുകൾ തീരുന്ന മുറയ്ക്ക് അടുത്ത പട്ടികയിലേക്ക് കടക്കും.
പേരുകൾ നിർദേശിക്കുമ്പോൾ പാലിക്കേണ്ട ചില കർശനമായ നിയമങ്ങൾ
- പേര് രാഷ്ട്രീയമായോ, മതപരമായോ, സാംസ്‌കാരികമായോ ആരുടെയും വികാരങ്ങളെ വ്രണപ്പെടുത്തുന്നതാകരുത്.
- ക്രൂരമോ അക്രമസ്വഭാവമുള്ളതോ ആയ പേരുകൾ ഒഴിവാക്കണം.
- പേരുകൾ ലളിതവും, ഉച്ചരിക്കാൻ എളുപ്പമുള്ളതുമായിരിക്കണം.
- പേരിന്റെ പരമാവധി നീളം 8 അക്ഷരങ്ങൾ (8 letters) ആയിരിക്കണം.
- ഒരിക്കൽ ഉപയോഗിച്ച പേര് പിന്നീട് വീണ്ടും ഉപയോഗിക്കാൻ പാടില്ല
തേജ്, വേഗ, ലഹർ എന്നിവയൊക്കെ ഇന്ത്യ നൽകിയ പേരുകളാണ്. ഇനി നമുക്ക് സുപരിചിതമായ 2017ലെ ഓഖി ചുഴലിക്കാറ്റിന് ആ പേരിട്ടത് ബംഗ്ലാദേശ് ആണ്. 2021ലെ ടൗട്ടേ ചുഴലിക്കാറ്റിന് പേരിട്ടത് മ്യാൻമറാണ്. മാലദ്വീപ് പേരിട്ട കാറ്റാണ് ബുറേവി. ഗുലാബ് കാറ്റിന് പേര് നൽകിയത് പാകിസ്ഥാനാണ്. യുഎഇ പേരിട്ട കാറ്റാണ് മൻദൗസ്.
ഇന്ത്യൻ കാലാവസ്ഥാ വകുപ്പാണ് ഈ മേഖലയിലെ ഔദ്യോഗിക ചുഴലിക്കാറ്റ് മുന്നറിയിപ്പ് കേന്ദ്രം അതുകൊണ്ട് തന്നെ കാറ്റുകളുടെ തീവ്രതയനുസരിച്ച് ഈ പട്ടികയിൽ നിന്ന് പേര് ഔദ്യോഗികമായി പ്രഖ്യാപിക്കുന്നത് ഇന്ത്യൻ കാലാവസ്ഥാ വകുപ്പാണ്