ഹിയറിങ് ലൈവ് സ്ട്രീം ചെയ്യണമെന്ന എൻ പ്രശാന്ത് ഐ എ എസിൻ്റെ ആവശ്യം അംഗീകരിക്കില്ലെന്ന് ചീഫ് സെക്രട്ടറി

 

ഉന്നത ഉദ്യോഗസ്ഥനെയും സഹപ്രവര്‍ത്തകനെയും നവമാധ്യമങ്ങള്‍ വഴി അധിക്ഷേപിച്ചെന്ന അധിക്ഷേപിച്ചെന്ന ആരോപണത്തിൽ സസ്പെന്‍ഷനിലായ എൻ പ്രശാന്ത് ഐ എ എസിൻ്റെ ആവശ്യം അം​ഗീകരിക്കില്ലെന്ന് സർക്കാർ. ഹിയറിങ് ലൈവ് സ്ട്രീം ചെയ്യണമെന്ന എൻ പ്രശാന്ത് ഐ എ എസിൻ്റെ ആവശ്യം അംഗീകരിക്കില്ലെന്ന് ചീഫ് സെക്രട്ടറി ശാരദാ മുരളീധരൻ വ്യക്തമാക്കി. ഹിയറിങ്ങിന്റെ ലൈവ് സ്ട്രീമിങ്ങും റെക്കോഡും സാധ്യമല്ലെന്ന് ചീഫ് സെക്രട്ടറി അറിയിച്ചു.

ലൈവ് സ്ട്രീമിം​ഗും റെക്കോർഡിം​ഗും നടത്തണമെന്നായിരുന്നു എൻ പ്രശാന്തിന്റെ ആവശ്യം. ഈ മാസം 16നാണ് പ്രശാന്തിന് ഹിയറിം​ഗിന് നോട്ടീസ് നൽകിയിരിക്കുന്നത്. പ്രശാന്തിനെതിരെ വകുപ്പ് തല നടപടിക്ക് മുന്നോടിയായി വകുപ്പ് തല അന്വേഷണത്തിന് സര്‍ക്കാര്‍ ആലോചിക്കുമ്പോഴാണ് ഹിയറിങ് ആവശ്യപ്പെട്ടത്.
പൊതുതാല്‍പര്യം പരിഗണിച്ചാണ് ഇക്കാര്യങ്ങള്‍ ആവശ്യപ്പെട്ടതെന്നാണ് പ്രശാന്തിന്‍റെ ന്യായീകരണം. തന്നെ കേള്‍ക്കാൻ ചീഫ് സെക്രട്ടറി തയ്യാറാകണമെന്നാവശ്യപ്പെട്ട് പ്രശാന്ത് കത്ത് നൽകിയിരുന്നു.

മുഖ്യമന്ത്രിയുടെ നിര്‍ദേശ പ്രകാരമാണ് അടുത്തയാഴ്ച ഹിയറിങ് നടത്തുന്നത്. സസ്പെന്‍ഷനെ ചൊല്ലി ഉന്നത ഉദ്യോഗസ്ഥര്‍ക്കിടയിൽ പരസ്യമായി വാക്പോര് തുടരുന്നതിനിടെയാണ് മുഖ്യമന്ത്രിയുടെ ഇടപെടലുണ്ടാകുന്നത്. കഴിഞ്ഞ നവംബറിലാണ് എൻ പ്രശാന്തിനെ സസ്പെന്‍ഡ് ചെയ്യുന്നത്.