വയനാടിന്‍റെ എംപിയായി പ്രിയങ്കയുടെ സത്യപ്രതിജ്ഞയും നാളെ; പാര്‍ലമെന്‍റിന്‍റെ ശീതകാല സമ്മേളനത്തിന് നാളെ തുടക്കം

 

പാർലമെന്‍റിന്‍റെ ശീതകാല സമ്മേളനത്തിന് നാളെ തുടക്കം. ഡിസംബർ 20 വരെയാണ് സമ്മേളനം നടക്കുക. വഖഫ് നിയമ ഭേദഗതി, ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ബില്ലുകൾ ഈ സമ്മേളന കാലയളവിൽ അവതരിപ്പിക്കാനാണ് സർക്കാരിന്‍റെ നീക്കം.

വഖഫ് നിയമ ഭേദഗതിയിൽ സംയുക്ത പാർലമെൻററി സമിതി റിപ്പോർട്ട് തയ്യാറാക്കി കഴിഞ്ഞു. വയനാടിന്‍റെ നിയുക്ത എംപി പ്രിയങ്ക ഗാന്ധിയുടെ സത്യപ്രതിജ്ഞയും നടക്കും. സമ്മേളനത്തിന് മുന്നോടിയായി ഇന്ന് സർവകക്ഷി യോഗം ചേരും.

വയനാട് ലോക്സഭ മണ്ഡലത്തിൽ 410931 വോട്ടുകളുടെ റെക്കോഡ് ഭൂരിപക്ഷത്തിലാണ് കന്നിയങ്കത്തിൽ പ്രിയങ്ക ഗാന്ധി വിജയമുറപ്പിച്ചത്. വയനാട്ടിൽ 2024ൽ രാഹുൽ ഗാന്ധി മത്സരിച്ചപ്പോള്‍ ലഭിച്ച ഭൂരിപക്ഷം മറികടന്നുകൊണ്ടാണ് പ്രിയങ്കയുടെ മിന്നും ജയം.

2024ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ 6,47,445 വോട്ടുകള്‍ നേടി 3,64,422 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് രാഹുൽ ഗാന്ധി വിജയിച്ചത്. ഈ റെക്കോഡ് ഭൂരിപക്ഷമാണ് ഉപതെരഞ്ഞെടുപ്പിൽ പ്രിയങ്ക ഗാന്ധി മറികടന്നത്.

622338 വോട്ടുകള്‍ പ്രിയങ്ക ആകെ നേടിയപ്പോള്‍ രണ്ടാമതെത്തിയ എൽഡിഎഫിന്‍റെ സത്യൻ മോകേരി 211407 വോട്ടുകളാണ് നേടിയത്. 109939 വോട്ടുകളാണ് ബിജെപിയുടെ നവ്യ ഹരിദാസിന് നേടിനായത്.