എഫ്‌സിആർഎ ഭേദഗതിയിൽ നിന്ന് പിന്തിരിയണം: പ്രധാനമന്ത്രിക്ക് കത്തയച്ച് മുഖ്യമന്ത്രി

 

വിദേശ സംഭാവന നിയന്ത്രണ നിയമത്തിൽ (FCRA) കേന്ദ്ര സർക്കാർ കൊണ്ടുവരുന്ന പുതിയ ഭേദഗതികൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു. ബില്ലിലെ പുതിയ വ്യവസ്ഥകൾ രാജ്യത്തെ ന്യൂനപക്ഷ വിഭാഗങ്ങൾക്കിടയിലും വിവിധ മതവിഭാഗങ്ങൾ നടത്തുന്ന ധർമ്മസ്ഥാപനങ്ങൾക്കിടയിലും വലിയ ആശങ്ക ഉയർത്തുന്ന സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ ഇടപെടൽ.

വിദേശ സംഭാവന സ്വീകരിക്കുന്നതിനുള്ള അനുമതി പുതുക്കുന്നതിൽ കാലതാമസം നേരിടുകയോ അപേക്ഷ നിരസിക്കപ്പെടുകയോ ചെയ്താൽ, സ്ഥാപനങ്ങളുടെ ആസ്തികൾ കേന്ദ്ര സർക്കാർ നിശ്ചയിക്കുന്ന അതോറിറ്റിയുടെ നിയന്ത്രണത്തിലാകുമെന്ന വ്യവസ്ഥയാണ് പ്രധാനമായും എതിർക്കപ്പെടുന്നത്. തികച്ചും സാങ്കേതികമായ കാരണങ്ങളാൽ അപേക്ഷ സമർപ്പിക്കാൻ വൈകിയാൽ പോലും ആസ്തികൾ സർക്കാർ ഏറ്റെടുക്കുന്ന സാഹചര്യം ഉണ്ടാകുമെന്ന് മുഖ്യമന്ത്രി കത്തിൽ ചൂണ്ടിക്കാട്ടി. പൊതുതാൽപര്യത്തിന് വിരുദ്ധമായ നടപടികൾ തടയാൻ നിലവിലുള്ള 2010-ലെ നിയമം തന്നെ പര്യാപ്തമാണെന്നും അദ്ദേഹം വ്യക്തമാക്കി.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ മതന്യൂനപക്ഷങ്ങളുടെ ആരാധനാലയങ്ങൾക്ക് നേരെ ആക്രമണങ്ങൾ നടക്കുന്ന പശ്ചാത്തലത്തിൽ ഇത്തരം ഭേദഗതികൾ ദുരുപയോഗം ചെയ്യപ്പെടുമെന്ന ആശങ്ക ഗൗരവമുള്ളതാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ന്യൂനപക്ഷ വിഭാഗങ്ങൾ ഉന്നയിച്ച പരാതികൾ പരിഹരിക്കാതെ ബില്ലുമായി മുന്നോട്ട് പോകരുത്. ഫലത്തിൽ സന്നദ്ധ സംഘടനകളുടെയും ആരാധനാലയങ്ങളുടെയും പ്രവർത്തനത്തെ തടസ്സപ്പെടുത്തുന്ന ഈ നീക്കത്തിൽ നിന്ന് കേന്ദ്ര സർക്കാർ പിന്മാറണമെന്ന് സംസ്ഥാന സർക്കാർ ശക്തമായി ആവശ്യപ്പെട്ടു.