യുവതിയുടെ ബലാത്സംഗ പരാതി വ്യാജം; നടൻ നിവിൻ പോളി ഡിജിപിക്ക് പരാതി നൽകി
കൊച്ചിയിലെ യുവതിയുടെ പരാതിയിൽ ബലാത്സംഗക്കേസിൽ പൊലീസ് പ്രതി ചേർത്തതിനെതിരെ നടൻ നിവിൻ പോളി പരാതി നല്‍കി. ഇന്ന് രാവിലെ ഡിജിപിക്കാണ് നിവിൻ പോളി പരാതി നല്‍കിയത്. തനിക്കെതിരായിട്ടുള്ളത് കള്ളക്കേസാണെന്ന് വ്യക്തമാക്കിയാണ് നിവിൻ പോളി പ്രാഥമിക പരാതി നല്‍കിയത്. തന്‍റെ പരാതി കൂടി പരിശോധിക്കണമെന്നും നിവിൻ പോളി പരാതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കേസിലെ എഫ്ഐആറിന്‍റെ പകര്‍പ്പ് കിട്ടിയശേഷം വിശദമായ പരാതി എഴുതി നല്‍കുമെന്നും നിവിൻ വ്യക്തമാക്കി. നിയമ നടപടിയുമായി മുന്നോട്ടുപോകുമെന്നാണ് നിവിൻ അറിയിച്ചിരിക്കുന്നത്.
തനിക്കെതിരായ പരാതിക്ക് പിന്നിൽ ഗൂഡാലോചന ഉണ്ടെന്നും പരാതിക്കാരിയെ കണ്ടിട്ടുപോലുമില്ലെന്നാണ് നിവിന്‍റെ നിലപാട്. തന്‍റെ പരാതി കൂടി സ്പെഷൽ ഇൻവെസ്റ്റിഗേഷൻ ടീം പരിശോധിച്ച് നിലപാടിലെത്തണമെന്നതടക്കമുള്ള ആവശ്യങ്ങളാണ് നിവിൻ മുന്നോട്ട് വയ്ക്കുന്നത്. മുൻകൂർ ജാമ്യം അടക്കം തേടി കോടതിയെ സമീപിക്കുന്നത് പൊലീസ് നടപടിയുടെ പുരോഗതി നോക്കിയ ശേഷം മതി എന്നാണ് നിവിന് കിട്ടിയ നിയമോപദേശമെന്നാണ് വിവരം.
എഫ്ഐആർ റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് ഹൈകോടതിയെ സമീപിക്കാനും തീരുമാനിച്ചിട്ടുണ്ട്.ബലാത്സംഘം ഉൾപ്പെടെ ഗുരുതര വകുപ്പുകൾ ചുമത്തിയാണ് ഊന്നുകൽ പൊലീസ് നിവിൻ പോളിക്കും മറ്റ് അഞ്ചു പേർക്കുമെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. അതേസമയം, പരാതിക്കാരിക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് കേസിലെ രണ്ടാം പ്രതിയായ എകെ സുനിൽ പറഞ്ഞു. യുവതിയുടെ ആരോപണത്തിൽ സത്യമില്ലെന്ന് നിവിൻ പോളിയുമായി ദുബായിൽവച്ച് കൂടിക്കാഴ്ച നടത്തിയ റാഫേലും പറഞ്ഞു.