വനിതാ സംവരണ ബിൽ പരാജയപ്പെട്ടു; രാഹുൽ ഗാന്ധിയുടെ വസതിയിലേക്ക് ബിജെപി മാർച്ച്; കേന്ദ്രമന്ത്രിയടക്കം കസ്റ്റഡിയിൽ

 

വനിതാ സംവരണ നിയമത്തിൽ ഭേദഗതി വരുത്താനുള്ള 131-ാം ഭരണഘടനാ ഭേദഗതി ബിൽ ലോക്‌സഭയിൽ പരാജയപ്പെട്ടതിന് പിന്നാലെ, പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ വസതിയിലേക്ക് ബിജെപി മഹിളാ മോർച്ച നടത്തിയ പ്രതിഷേധ മാർച്ച് സംഘർഷത്തിൽ കലാശിച്ചു. ശനിയാഴ്ച വൈകുന്നേരം ഡൽഹി സുനേഹരി ബാഗിലെ രാഹുൽ ഗാന്ധിയുടെ വസതിക്ക് മുന്നിലായിരുന്നു പ്രതിഷേധം. സമാധാനപരമായി തുടങ്ങിയ മാർച്ച് പോലീസ് ബാരിക്കേഡുകൾ ഉപയോഗിച്ച് തടഞ്ഞതോടെയാണ് സംഘർഷമുണ്ടായത്. പ്രവർത്തകരെ പിരിച്ചുവിടാൻ പോലീസ് ജലപീരങ്കി പ്രയോഗിക്കുകയും കേന്ദ്രമന്ത്രിയടക്കമുള്ള പ്രമുഖ നേതാക്കളെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു.

കേന്ദ്രമന്ത്രി രക്ഷ ഖദ്‌സെ, ബിജെപി എംപിമാരായ ബാൻസുരി സ്വരാജ്, കമൽജീത് സെജ്‌റാവത്, ഹേമ മാലിനി തുടങ്ങിയ പ്രമുഖ നേതാക്കളെയാണ് ഡൽഹി പോലീസ് കസ്റ്റഡിയിലെടുത്തത്. രാഹുൽ ഗാന്ധിയുടെയും കോൺഗ്രസിന്റെയും "സ്ത്രീവിരുദ്ധ" നിലപാടാണ് ബിൽ പരാജയപ്പെടാൻ കാരണമെന്ന് പ്രതിഷേധക്കാർ ആരോപിച്ചു. രാഹുൽ ഗാന്ധിയുടെ കോലം കത്തിച്ച പ്രവർത്തകർ കരിങ്കൊടികളേന്തിയാണ് പ്രതിഷേധിച്ചത്. അതേസമയം, വനിതാ സംവരണത്തെ തങ്ങൾ എതിർക്കുന്നില്ലെന്നും എന്നാൽ മണ്ഡല പുനർനിർണ്ണയവുമായി ബന്ധപ്പെട്ട് സീറ്റുകളുടെ എണ്ണം വർദ്ധിപ്പിക്കുന്നതിലൂടെ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ പ്രാതിനിധ്യം കുറയ്ക്കാനുള്ള നീക്കത്തെയാണ് എതിർക്കുന്നതെന്നും കോൺഗ്രസ് വ്യക്തമാക്കി.

ഡൽഹി മുഖ്യമന്ത്രി രേഖാ ഗുപ്തയും മാർച്ചിൽ പങ്കെടുത്തു. പ്രതിപക്ഷ പാർട്ടികൾ കഴിഞ്ഞ 30 വർഷമായി സ്ത്രീകളെ വഞ്ചിക്കുകയാണെന്നും സഭയിൽ അവർ സ്ത്രീകളുടെ അവകാശങ്ങൾക്കെതിരെയാണ് വോട്ട് ചെയ്തതെന്നും രേഖാ ഗുപ്ത കുറ്റപ്പെടുത്തി. "സ്ത്രീകളുടെ വോട്ടിന് വേണ്ടി മാത്രം കൊതിക്കുന്ന പ്രതിപക്ഷം അവർക്ക് രാഷ്ട്രീയ പ്രാതിനിധ്യം നൽകുന്ന കാര്യത്തിൽ പിന്നോട്ട് പോകുകയാണ്" എന്ന് ബാൻസുരി സ്വരാജ് പ്രതികരിച്ചു. ബിൽ പരാജയപ്പെട്ട സാഹചര്യത്തിൽ ശനിയാഴ്ച രാത്രി 8.30-ന് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ അഭിസംബോധന ചെയ്യും.