വനിതാ സംവരണ ബില്ല്: കേന്ദ്ര മന്ത്രിസഭായോ​ഗത്തിൽ അംഗീകാരം ലഭിച്ചു, ബുധനാഴ്ച്ച പാർലമെന്റിൽ അവതരിപ്പിക്കും

 

വനിതാ സംവരണ ബില്ലിന് കേന്ദ്ര മന്ത്രിസഭായോഗത്തിൽ അംഗീകാരം. 33% വതിനാ സംവരണം ലക്ഷ്യമിട്ടുള്ള  ബിൽ, ബുധനാഴ്ച്ച പാർലമെന്റിൽ അവതരിപ്പിക്കും. പാർലമെന്‍റ് പ്രത്യേക സമ്മേളനത്തിൽ വനിതാ സംവരണ ബിൽ പാസ്സാക്കണമെന്ന് പ്രതിപക്ഷ- പ്രാദേശിക പാർട്ടികൾ ആവശ്യപ്പെട്ടിരുന്നു.

പ്രത്യേക സമ്മേളനത്തിനു മുന്നോടിയായി വിളിച്ചു ചേർത്ത സർവകക്ഷിയോഗത്തിലാണ് വനിതാ സംവരണ ബില്ല് കൊണ്ടുവരാൻ പാർട്ടികൾ ആവശ്യപ്പെട്ടത്. സമ്മേളനത്തിൽ ഈ ബിൽ പാസ്സാക്കണമെന്ന് എല്ലാ പ്രതിപക്ഷ പാർട്ടികളും ആവശ്യപ്പെട്ടതായി സർവകക്ഷിയോഗത്തിനു ശേഷം കോൺഗ്രസ് നേതാവ് അധിർ രഞ്ജൻ ചൗധരി വ്യക്തമാക്കിയിരുന്നു.

34 പാർട്ടികളാണ് സർവകക്ഷി യോഗത്തിൽ പങ്കെടുത്തത്. പ്രതിപക്ഷത്തിന് പുറമെ ബിജെപി സഖ്യകക്ഷികളും ബില്ല് സംബന്ധിച്ച് അനുകൂല നിലപാടാണ് സ്വീകരിച്ചത്. മഹിളാ മോർച്ച ദേശീയ അധ്യക്ഷ ഉൾപ്പെടെ വനിതാ സംവരണ ബിൽ കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ടിരുന്നു.