സര്‍ക്കാര്‍ ഓഫിസുകളില്‍ ചാണകത്തില്‍ നിന്നുള്ള പെയിന്റ് അടിക്കണമെന്ന് യുപി മുഖ്യമന്ത്രി

 

യുപിയിലെ സര്‍ക്കാര്‍ ഓഫിസുകളുടെ ചുവരുകളില്‍ ചാണകത്തില്‍ നിന്ന് വികസിപ്പിക്കുന്ന പെയിന്റ് പൂശണമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ക്ഷീരമേഖലയെ ശക്തിപ്പെടുത്തുന്നതിനായി നൂതന സാങ്കേതികവിദ്യകളെ കൂടുതലായി ഉപയോഗിക്കണമെന്നും യോഗി പറഞ്ഞു. സംസ്ഥാനത്തെ ഗോസംരക്ഷണ കേന്ദ്രങ്ങളെ സ്വയംപര്യാപ്തമാക്കുന്നതിന് ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്ന് മൃഗസംരക്ഷണ, ക്ഷീര വികസന വകുപ്പിന്റെ അവലോകന യോഗത്തില്‍ യോഗി നിര്‍ദേശിച്ചു. നാടന്‍ പശുക്കള്‍ക്കായി മത്സരങ്ങള്‍ സംഘടിപ്പിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

കയ്യേറ്റഭൂമിയായ 40,968.29 ഹെക്ടര്‍ മേച്ചില്‍പ്പുറങ്ങള്‍ ഒഴിപ്പിച്ചു. 12,168.78 ഹെക്ടര്‍ ഭൂമി പച്ചപ്പുല്ല് ഉല്‍പാദനത്തിനായി ഒരുക്കിയിട്ടുണ്ട്. ഇത് ഗ്രാമീണ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നും വനിതാ സ്വയം സഹായ സംഘങ്ങള്‍ക്ക് സഹായകമാകുമെന്നും അദ്ദേഹം വ്യക്തമാക്കി. സംസ്ഥാനത്തുടനീളമുള്ള 7693 ഗോ ആശ്രമങ്ങളിലായി 11.49 ലക്ഷം പശുക്കളെ സംരക്ഷിക്കുന്നുണ്ട്. 2024-25ല്‍ പാല്‍ സംഭരണം പ്രതിദിനം 3.97 ലക്ഷം ലിറ്ററിലെത്തിയെന്നും ഇത് മുന്‍ വര്‍ഷത്തേക്കാള്‍ 10 ശതമാനം വര്‍ധനവാണെന്നും 2025-26 വര്‍ഷങ്ങളില്‍ 4922 പുതിയ സഹകരണ ക്ഷീര സംഘങ്ങള്‍ സ്ഥാപിക്കുമെന്നും യോഗി ആദിത്യനാഥ് കൂട്ടിച്ചേർത്തു.