തിരുവമ്പാടി കെ എസ് ഇ ബി ഓഫീസിലേക്ക് യൂത്ത് കോൺഗ്രസ് റാന്തൽ മാർച്ച്; സംഘർഷം

 


തിരുവമ്പാടിയിൽ റസാഖിന്‍റെ വീട്ടിലേക്കുള്ള വൈദ്യുതി കണക്ഷൻ കെ എസ് ഇ ബി കട്ട് ചെയ്ത സംഭവത്തിൽ പ്രതിഷേധം ശക്തമാക്കി യുവജന സംഘടനകൾ. സംഭവത്തിൽ പ്രതിഷേധിച്ചുകൊണ്ട് തിരുവമ്പാടി കെ എസ് ഇ ബി ഓഫീസിലേക്ക് യൂത്ത് കോൺഗ്രസ് നടത്തിയ റാന്തൽ മാർച്ചിൽ സംഘർഷമുണ്ടായി. പൊലീസും പ്രവർത്തകരും തമ്മിൽ ഏറെനേരം വാക്കേറ്റം ഉണ്ടായി. വലിയ തോതിലുള്ള സംഘർഷത്തിലേക്ക് പ്രതിഷേധം നീങ്ങവെ നേതാക്കൾ ഇടപെട്ടാണ് പ്രവർത്തകരെ പിന്തിരിപ്പിച്ചത്.

അതിനിടെ കെ എസ് ഇ ബി ഇങ്ങനെ ഫ്യൂസ് ഊരിയാൽ പൊതുജനങ്ങളെ മുൻനിർത്തി ഞങ്ങളും ഫ്യൂസ് ഊരുമെന്ന് പ്രഖ്യാപിച്ച് യൂത്ത് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലും രംഗത്തെത്തി. ഇങ്ങനെ പറയേണ്ടിവരുന്നത് ഭീഷണി അല്ലെന്നും ഗതികേട് ആണെന്നും മാങ്കൂട്ടത്തിൽ വിവരിച്ചു. ഓഫീസ് തല്ലിതകർത്തെന്ന് പറഞ്ഞ് വീട്ടിലേക്കുള്ള വൈദ്യുതി കണക്ഷൻ കട്ട് ചെയ്തവർ, നിയമസഭ തല്ലിതകർത്ത ശിവൻകുട്ടിക്കെതിരെ എന്ത് നടപടി ആണ് എടുത്തതെന്ന് വ്യക്തമാക്കണമെന്നും യൂത്ത് കോൺഗ്രസ് അധ്യക്ഷൻ ആവശ്യപ്പെട്ടു.