യുവാവിന്‍റെ  ലൈംഗികാതിക്രമ പരാതി; സംവിധായകൻ രഞ്ജിത്തിനെതിരെ വീണ്ടും കേസ് 

 

സംവിധായകൻ രഞ്ജിത്തിനെതിരെ വീണ്ടും ലൈംഗികാതിക്രമത്തിന് കേസെടുത്ത് പൊലീസ്. കോഴിക്കോട് സ്വദേശിയായ യുവാവിന്‍റെ പരാതിയിൽ കോഴിക്കോട് കസബ പൊലീസാണ് രഞ്ജിത്തിനെതിരെ കേസെടുത്തത്. ലൈംഗികാതിക്രമ കുറ്റം ചുമത്തിയാണ് എഫ്ഐആര്‍. നേരത്തെ ബംഗാളി നടിയുടെ പരാതിയിൽ രഞ്ജിത്തിനെതിരെ പൊലീസ് കേസെടുത്തിരുന്നു. ഇതിനുപിന്നാലെയാണിപ്പോള്‍ രണ്ടാമത്തെ കേസ് രജിസ്റ്റര്‍ ചെയ്യുന്നത്.ലൈംഗിക അതിക്രമ കുറ്റം ചുമത്തിയാണ് കേസ്. 

സിനിമയിൽ അവസരം ചോദിച്ചെത്തിയ തന്നെ 2012 ൽ ബെംഗളൂരുവിൽ വച്ച് സംവിധായകൻ രഞ്ജിത്ത് പീഡനത്തിന് ഇരയാക്കിയെന്നാണ് കോഴിക്കോട് സ്വദേശിയായ യുവാവിന്‍റെ പരാതി. പരാതി നല്‍കിയശേഷം സിനിമ മേഖലയിലെ പരാതികൾ അന്വേഷിക്കാൻ രൂപീകരിച്ച പ്രത്യേക പോലീസ് സംഘത്തിന് യുവാവ് മൊഴി നൽകിയിരുന്നു.
കോഴിക്കോട് സിനിമാ ഷൂട്ടിങിനിടയിലാണ് സംവിധായകനെ പരിചയപ്പെട്ടതെന്ന് യുവാവ് പറയുന്നു.

അവസരം തേടി ഹോട്ടൽ റൂമിലെത്തിയ തനിക്ക് ടിഷ്യൂ പേപ്പറിൽ ഫോൺ നമ്പർ കുറിച്ചു തന്നുവെന്നും അതിൽ സന്ദേശം അയക്കാനും ആവശ്യപ്പെട്ടുവെന്നാണ് യുവാവ് പറയുന്നത്. ബെംഗളൂരു താജ് ഹോട്ടലിൽ രണ്ട് ദിവസത്തിന് ശേഷം എത്താൻ ആവശ്യപ്പെട്ടു. രാത്രി 10 മണിയോടെ ഹോട്ടലിൽ എത്തിയ തന്നോട് പുറകുവശത്തെ ഗേറ്റ് വഴി റൂമിലേക്ക് എത്താൻ സംവിധായകൻ നി‍ർദ്ദേശിച്ചു, മുറിയിലെത്തിയപ്പോൾ മദ്യം നൽകി കുടിക്കാൻ നിർബന്ധിച്ചു, പിന്നീട് വിവസ്ത്രനാക്കിയെന്നും പീഡിപ്പിച്ചുവെന്നുമാണ് യുവാവ് പറഞ്ഞത്.