ഏഷ്യാ കപ്പ് യുഎഇയിൽ

 

ഇത്തവണത്തെ ഏഷ്യാ കപ്പിന് യുഎഇ വേദിയാകും. ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ ഇന്നാണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്. സെപ്റ്റംബർ ഒന്ന് മുതൽ 28 വരെയാണ് ടൂർണമെന്റ്. എസിസി അധ്യക്ഷനും പാക് ക്രിക്കറ്റ് ബോർഡ് ചെയർമാനുമായ മുഹ്സിൻ നഖ്വി എക്സിലൂടെയാണ് ഔദ്യോഗിക പ്രഖ്യാപനം നടത്തിതയത്. ആരാധകർ ഉറ്റുനോക്കുന്ന ഇന്ത്യ-പാകിസ്ഥാൻ മത്സരം സെപ്റ്റംബർ 14-നാണ്. അടുത്തവർഷം ടി20 ലോകകപ്പ് നടക്കുന്നതിനാൽ ഇത്തവണ ടി20 ഫോർമാറ്റിലാണ് ടൂർണമെന്റ്. ഇന്ത്യയുൾപ്പെടെ എട്ട് ടീമുകൾ ടൂർണമെന്റിൽ പങ്കെടുക്കും. ദുബായ്, അബുദാബി എന്നിവിടങ്ങളിലായിരിക്കും മത്സരങ്ങൾ നടക്കുക.

ഇന്ത്യക്ക് പുറമെ പാകിസ്ഥാൻ, ശ്രീലങ്ക, അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ്, യുഎഇ, ഒമാൻ, ഹോങ്കോംഗ് എന്നീ ടീമുകളായിരിക്കും ടൂർണമെന്റിൽ പങ്കെടക്കുക. ആകെ 19 മത്സരങ്ങളാണുണ്ടാവുക. ഇന്ത്യയും പാകിസ്താനും യുഎഇയും ഒമാനും ഒരേ ഗ്രൂപ്പിലാണ്. ശ്രീലങ്ക, ബംഗ്ലാദേശ്, അഫ്ഗാനിസ്താൻ, ഹോങ്കോങ് എന്നീ രാജ്യങ്ങൾ രണ്ടാമത്തെ ഗ്രൂപ്പിലും. ഓരോ ഗ്രൂപ്പിൽനിന്നും രണ്ടു ടീമുകൾ സൂപ്പർ ഫോറിലേക്ക് യോഗ്യത നേടും. സൂപ്പർ ഫോറിൽ ഓരോ ടീമും മറ്റ് മൂന്ന് ടീമുകളുമായി ഓരോ തവണ ഏറ്റുമുട്ടും. ഇതിൽ മികച്ച രണ്ട് ടീമുകൾ ഫൈനലിൽ കളിക്കും. ഇന്ത്യയും പാകിസ്ഥാനും മൂന്ന് തവണ നേർക്കുനേർ വരാനുള്ള സാധ്യതയുണ്ട്.