ഗൾഫിലെ മൂന്ന് ഡാറ്റ സെന്ററുകൾക്ക് നേരേ ആക്രമണമുണ്ടായെന്ന് ആമസോൺ; തകരാർ പരിഹരിക്കാൻ ശ്രമം തുടരുന്നു
Mar 3, 2026, 22:03 IST
പശ്ചിമേഷ്യയിൽ തുടരുന്ന സംഘർഷത്തിനിടെ ഗൾഫിലെ മൂന്ന് ഡാറ്റ സെന്ററുകൾക്ക് ഡ്രോൺ ആക്രമണത്തിൽ കേടുപാടുകൾ സംഭവിച്ചതായി ആമസോൺ സ്ഥിരീകരിച്ചു. യുഎഇയിലെ രണ്ട് സെന്ററുകൾക്ക് നേരെയും ബഹ്‌റൈനിലെ ഒരു സെന്ററിന് നേരെയും ഉണ്ടായ ആക്രമണം മേഖലയിലെ ബാങ്കിംഗ്, വിമാനത്താവള പ്രവർത്തനങ്ങളെ സാരമായി ബാധിച്ചിട്ടുണ്ട്. ഞായറാഴ്ചയാണ് ആക്രമണം ഉണ്ടായതെന്ന് ഇ-കൊമേഴ്‌സ് ഭീമനായ ആമസോൺ അറിയിച്ചു.
ആമസോൺ വെബ് സർവീസസ് (AWS) തടസ്സപ്പെട്ടതോടെ യുഎഇ ഓഹരി വിപണിയുടെ പ്രവർത്തനം തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ തടസ്സപ്പെട്ടു. ബഹ്‌റൈനിലെ സെന്ററിൽ അടിസ്ഥാന സൗകര്യങ്ങൾക്കും നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ട്. തകരാറുകൾ പരിഹരിക്കാനുള്ള തീവ്രശ്രമം തുടരുകയാണെന്നും എന്നാൽ ഇത് പൂർണ്ണമായി പുനഃസ്ഥാപിക്കാൻ കൂടുതൽ സമയമെടുക്കുമെന്നും അധികൃതർ വ്യക്തമാക്കി. സൈബർ സുരക്ഷാ വിദഗ്ധർ സ്ഥിതിഗതികൾ വിലയിരുത്തി വരികയാണ്.