ഡീസലിലും ബയോ ഇന്ധനം കലർത്താൻ കേന്ദ്രം; 15% വരെ ഐസോബ്യൂട്ടനോൾ ചേർക്കാൻ പദ്ധതി
പെട്രോളിൽ 20 ശതമാനം എഥനോൾ കലർത്തുന്ന പദ്ധതി വിജയകരമായതിന് പിന്നാലെ, ഡീസലിലും ബയോ ഇന്ധനം വ്യാപകമാക്കാൻ കേന്ദ്രസർക്കാർ നീക്കം തുടങ്ങി. ആദ്യഘട്ടമായി ഡീസലിൽ രണ്ട് ശതമാനം ഐസോബ്യൂട്ടനോൾ ചേർത്തുള്ള പരീക്ഷണങ്ങൾ ആരംഭിച്ചതായും ഭാവിയിൽ ഇത് 15 ശതമാനം വരെയായി ഉയർത്താനാണ് ലക്ഷ്യമിടുന്നതെന്നും കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരി വെളിപ്പെടുത്തി. ഫോസിൽ ഇന്ധനങ്ങളെ ആശ്രയിക്കുന്നത് കുറയ്ക്കാനുള്ള സർക്കാരിന്റെ ബദൽ ഇന്ധന നയത്തിന്റെ ഭാഗമായാണ് പുതിയ നടപടി.
ഡീസലിൽ എഥനോൾ നേരിട്ട് ചേർക്കാൻ സാധിക്കാത്തതിനാലാണ് എഥനോളിൽ നിന്ന് വേർതിരിച്ചെടുക്കുന്ന 'ഐസോബ്യൂട്ടനോൾ' എന്ന ബയോ ഇന്ധനം ഇതിനായി ഉപയോഗിക്കുന്നത്. ജനറേറ്ററുകളിൽ എഥനോളും ഐസോബ്യൂട്ടനോളും ഉപയോഗിച്ച് നടത്തിയ പരീക്ഷണങ്ങൾ വൻ വിജയമായിരുന്നെന്ന് മന്ത്രി അവകാശപ്പെട്ടു. ഊർജ സാന്ദ്രത കൂടിയതും മലിനീകരണം കുറഞ്ഞതുമായ ഐസോബ്യൂട്ടനോൾ സാധാരണ എൻജിനുകൾക്ക് ഏറെ അനുയോജ്യമാണ്.
ഇത് പ്രായോഗികമാകുന്നതോടെ രാജ്യത്തെ ഇന്ധന ഇറക്കുമതി ചെലവ് വൻതോതിൽ കുറയ്ക്കാനാകുമെന്നാണ് കേന്ദ്ര പ്രതീക്ഷ. എന്നാൽ, നിലവിൽ വിപണിയിലുള്ള ഇ 20 പെട്രോൾ വാഹനങ്ങളുടെ മൈലേജ് കുറയ്ക്കുന്നതായും എൻജിൻ തകരാറുകൾക്ക് കാരണമാകുന്നതായും വ്യാപക പരാതി ഉയരുന്നതിനിടയിലാണ് ഡീസലിലും ബയോ ഇന്ധനം ചേർക്കാനുള്ള കേന്ദ്രത്തിന്റെ പുതിയ നീക്കം.