സി.എൻ.ജി വില കിലോയ്ക്ക് രണ്ട് രൂപ കൂട്ടി; രണ്ടാഴ്ചയ്ക്കിടെ ഉണ്ടാകുന്ന നാലാമത്തെ വർദ്ധനവ്

 

ഇന്ത്യയിൽ സി.എൻ.ജി (CNG) വിലയിൽ വീണ്ടും വർദ്ധനവ്. കിലോഗ്രാമിന് രണ്ട് രൂപയാണ് ഇത്തവണ വർദ്ധിപ്പിച്ചത്. കഴിഞ്ഞ രണ്ടാഴ്ചയ്ക്കുള്ളിൽ സി.എൻ.ജി വിലയിൽ വരുത്തുന്ന നാലാമത്തെ വർദ്ധനവാണിത്. പുതിയ നിരക്ക് വർദ്ധനവോടെ ഡൽഹിയിൽ ഒരു കിലോ സി.എൻ.ജിയുടെ വില 83.09 രൂപയായി ഉയർന്നു. നോയിഡ, ഗ്രേറ്റർ നോയിഡ, ഗാസിയാബാദ് എന്നിവിടങ്ങളിൽ വില കിലോയ്ക്ക് 91.70 രൂപയായും വർദ്ധിച്ചിട്ടുണ്ട്. അന്താരാഷ്ട്ര വിപണിയിൽ പ്രകൃതിവാതകത്തിനുണ്ടായ വിലവർദ്ധനവും ഇറക്കുമതി ചെലവ് ഉയർന്നതുമാണ് വില കൂട്ടാൻ കാരണമെന്ന് വിതരണ കമ്പനികൾ വ്യക്തമാക്കുന്നു.

മേയ് 15-ന് രണ്ട് രൂപയും, 17-ന് ഒരു രൂപയും, 23-ന് വീണ്ടും ഒരു രൂപയും നേരത്തെ വർദ്ധിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ വീണ്ടും രണ്ട് രൂപയുടെ വർദ്ധനവ് വരുത്തിയിരിക്കുന്നത്. തുടർച്ചയായുണ്ടാകുന്ന ഈ വിലക്കയറ്റം സാധാരണക്കാരെയും ഓട്ടോ-ടാക്‌സി ഡ്രൈവർമാരെയും വലിയ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. ഇന്ധനവില വർദ്ധനവിനെതിരെ ഡൽഹിയിൽ വിവിധ ട്രാൻസ്‌പോർട്ട് യൂണിയനുകളുടെ നേതൃത്വത്തിൽ ശക്തമായ പ്രതിഷേധങ്ങൾ നടന്നുവരികയാണ്.

സി.എൻ.ജി വില കുതിച്ചുയരുന്ന സാഹചര്യത്തിൽ ഓട്ടോ-ടാക്‌സി യാത്രാനിരക്കുകൾ അടിയന്തരമായി പരിഷ്‌കരിക്കണമെന്ന ആവശ്യവും ശക്തമായിട്ടുണ്ട്. പെട്രോൾ, ഡീസൽ വിലയും ഉയർന്നുകൊണ്ടിരിക്കുന്ന നിലവിലെ സാഹചര്യത്തിൽ സി.എൻ.ജി ഉപഭോക്താക്കൾക്ക് കൂടി പുതിയ നിരക്ക് വർദ്ധനവ് വൻ അധികഭാരമാണ് വരുത്തിവെക്കുന്നത്.