ക്രൂഡ് ഓയിൽ വിലയിൽ വൻ കുതിപ്പ്; ബാരലിന് 96 ഡോളർ കടന്നു, രൂപയുടെ മൂല്യത്തിൽ തകർച്ച

 

പശ്ചിമേഷ്യൻ സംഘർഷം രൂക്ഷമായതോടെ അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില കുതിച്ചുയരുന്നു. ബ്രെന്റ് ക്രൂഡ് ഓയിൽ വില ബാരലിന് 96.14 ഡോളറിലെത്തി. കഴിഞ്ഞ ആറാഴ്ചയ്ക്കിടയിലെ ഏറ്റവും ഉയർന്ന നിരക്കാണിത്. ഡബ്ല്യു.ടി.ഐ (WTI) ക്രൂഡിന്റെ വില ബാരലിന് 88.35 ഡോളറായി ഉയർന്നു.

സംഘർഷം തുടരുകയാണെങ്കിൽ ക്രൂഡ് ഓയിൽ വില ബാരലിന് 120 ഡോളർ വരെ ഉയർന്നേക്കാമെന്ന് പ്രമുഖ സാമ്പത്തിക സേവന സ്ഥാപനമായ ഗോൾഡ്മാൻ സാക്‌സ് മുന്നറിയിപ്പ് നൽകി. എണ്ണവില വർദ്ധനവ് ഇന്ത്യൻ രൂപയുടെ മൂല്യത്തിൽ വൻ ഇടിവുണ്ടാക്കിയിട്ടുണ്ട്. ഡോളറിനെതിരെ 34 പൈസയുടെ കുറവോടെ രൂപയുടെ മൂല്യം 96.59 എന്ന നിലവാരത്തിലേക്ക് താഴ്ന്നു.

ആവശ്യമായ ഇന്ധനത്തിന്റെ 85 ശതമാനത്തിലധികവും ഇറക്കുമതി ചെയ്യുന്ന ഇന്ത്യയെ എണ്ണവില വർദ്ധനവും വിതരണ തടസ്സങ്ങളും പ്രതികൂലമായി ബാധിക്കും. ഇറക്കുമതി ചെലവ് വർദ്ധിക്കുന്നത് രാജ്യത്തിന്റെ കറന്റ് അക്കൗണ്ട് കമ്മി ഉയർത്താനും പണപ്പെരുപ്പത്തിന് ഇടയാക്കാനും സാധ്യതയുണ്ട്.