സാലിക്കിന്റെ വരുമാനത്തിൽ ഇടിവ്; വാഹന ഗതാഗതം കുറഞ്ഞത് തിരിച്ചടിയായി; ആദ്യ പാദ ലാഭം 36.93 കോടി ദിർഹം

 

ദുബായിലെ ടോൾ ഗേറ്റ് ഓപ്പറേറ്ററായ സാലിക്കിന്റെ (Salik) വരുമാനത്തിൽ ഈ വർഷത്തെ ആദ്യ പാദത്തിൽ ഇടിവ് രേഖപ്പെടുത്തി. മുൻ വർഷത്തെ അപേക്ഷിച്ച് കമ്പനിയുടെ മൊത്തം വരുമാനത്തിൽ 3.0 ശതമാനം കുറവുണ്ടായി. പ്രാദേശികമായ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ വാഹന നീക്കം കുറഞ്ഞതാണ് വരുമാനത്തെ ബാധിച്ച പ്രധാന കാരണമെന്ന് കമ്പനി അറിയിച്ചു. അതേസമയം, ജനുവരി മുതൽ മാർച്ച് വരെയുള്ള ആദ്യ മൂന്ന് മാസങ്ങളിൽ 36.93 കോടി ദിർഹം അറ്റ ലാഭം നേടാൻ സാലിക്കിന് കഴിഞ്ഞിട്ടുണ്ട്.

ഈ വർഷം ആദ്യ പാദത്തിൽ സാലിക്കിന്റെ മൊത്തം വരുമാനം 72.89 കോടി ദിർഹമാണ്. ഇതിൽ ടോൾ ഫീസ് ഇനത്തിൽ മാത്രം 62.55 കോടി ദിർഹം ലഭിച്ചു. എന്നാൽ കഴിഞ്ഞ വർഷം ഇതേ കാലയളവിനെ അപേക്ഷിച്ച് ടോൾ വരുമാനത്തിൽ ആറ് ശതമാനത്തിന്റെ കുറവാണുണ്ടായത്. തിരക്കേറിയ സമയങ്ങളിൽ ടോൾ ഈടാക്കിയുള്ള ട്രിപ്പുകളുടെ എണ്ണം 14.57 കോടിയായി കുറഞ്ഞു. ഇത് മുൻ വർഷത്തെ അപേക്ഷിച്ച് 7.7 ശതമാനം കുറവാണ്.

പിഴ ഇനത്തിൽ നിന്നുള്ള വരുമാനത്തിലും ഇത്തവണ വലിയ വർധനവില്ല. 6.91 കോടി ദിർഹമാണ് മൂന്ന് മാസത്തിനിടെ പിഴയായി ലഭിച്ചത്. കഴിഞ്ഞ വർഷവുമായി താരതമ്യം ചെയ്യുമ്പോൾ ഒരു ശതമാനത്തിന്റെ മാത്രം വർധനവാണിത്. കമ്പനിയുടെ മൊത്തം വരുമാനത്തിന്റെ 9.5 ശതമാനം മാത്രമാണ് പിഴ ഇനത്തിൽ ലഭിക്കുന്നത്. കഴിഞ്ഞ വർഷം ഇത് 9.1 ശതമാനം ആയിരുന്നു. വരുമാനത്തിൽ നേരിയ കുറവുണ്ടായെങ്കിലും ദുബായുടെ ഗതാഗത മേഖലയിൽ സാലിക് ശക്തമായ സാന്നിധ്യമായി തുടരുകയാണ്.