എയർ ഇന്ത്യ എക്സ്പ്രസിനെ നയിക്കാൻ ഇനി ദീപക് രജാവത്; ഡിസംബർ ഒന്നിന് സിഇഒ ആയി ചുമതലയേൽക്കും

 

പ്രമുഖ ബജറ്റ് വിമാനക്കമ്പനിയായ എയർ ഇന്ത്യ എക്സ്പ്രസിന്റെ പുതിയ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായി (CEO) ദീപക് രജാവത്തിനെ നിയമിച്ചു. നിലവിൽ കമ്പനിയുടെ ചീഫ് ഫിനാൻഷ്യൽ ഓഫീസറായി (CFO) സേവനമനുഷ്ഠിച്ചു വരികയായിരുന്ന അദ്ദേഹം ഡിസംബർ ഒന്നിന് പുതിയ പദവിയിൽ ചുമതലയേൽക്കും. വ്യോമയാന മേഖലയിൽ രണ്ട് പതിറ്റാണ്ടിലേറെ നീണ്ട പ്രവൃത്തിപരിചയമുള്ള വ്യക്തിയാണ് ദീപക് രജാവത്. നേരത്തെ വിസ്താര എയർലൈനിൽ കോർപ്പറേറ്റ് പ്ലാനിംഗ്, എയർക്രാഫ്റ്റ് അക്വിസിഷൻ, ഫിനാൻസ് തുടങ്ങിയ നിർണ്ണായക വിഭാഗങ്ങളിൽ അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. കൂടാതെ വിസ്താരയുടെ ചീഫ് കൊമേഴ്സ്യൽ ഓഫീസർ എന്ന നിലയിൽ റവന്യൂ മാനേജ്‌മെന്റ്, നെറ്റ്‌വർക്ക് പ്ലാനിങ്, സെയിൽസ്, മാർക്കറ്റിങ്, ബ്രാൻഡിങ്, ഉപഭോക്തൃ സേവനങ്ങൾ തുടങ്ങി വിപുലമായ മേഖലകൾ കൈകാര്യം ചെയ്ത അനുഭവസമ്പത്തും അദ്ദേഹത്തിനുണ്ട്.

പുതിയ ദൗത്യം ഏറ്റെടുക്കുന്നതിൽ വലിയ അഭിമാനമുണ്ടെന്ന് ദീപക് രജാവത് പ്രതികരിച്ചു. വിസ്താരയിലൂടെയും എയർ ഇന്ത്യ എക്‌സ്പ്രസിലൂടെയും ടാറ്റ ഗ്രൂപ്പിന്റെ ഭാഗമായി പ്രവർത്തിക്കാൻ കഴിഞ്ഞതിലൂടെ ഇന്ത്യൻ വ്യോമയാന രംഗത്തുണ്ടായ വലിയ മാറ്റങ്ങൾക്ക് നേരിട്ട് സാക്ഷ്യം വഹിക്കാനായി. ഉപഭോക്തൃ സേവനങ്ങൾ കൂടുതൽ മെച്ചപ്പെടുത്തുന്നതിനൊപ്പം, സാങ്കേതിക വിദ്യയിലൂന്നിയ നൂതനവും കാര്യക്ഷമവുമായ ഒരു വിമാനക്കമ്പനിയായി എയർ ഇന്ത്യ എക്സ്പ്രസിനെ വളർത്തുമെന്നും മാനുഷിക മൂല്യങ്ങൾക്ക് പ്രാധാന്യം നൽകിക്കൊണ്ടാകും പ്രവർത്തനങ്ങളെന്നും അദ്ദേഹം വ്യക്തമാക്കി.

നിലവിൽ ബോയിങ് 737, എയർബസ് എ320 വിഭാഗങ്ങളിലായി 108 ആധുനിക വിമാനങ്ങളാണ് എയർ ഇന്ത്യ എക്സ്പ്രസിന്റെ നിരയിലുള്ളത്. ഇന്ത്യയിലെ 48 നഗരങ്ങളിലേക്കും വിവിധ ഏഷ്യൻ രാജ്യങ്ങളിലെ 17 കേന്ദ്രങ്ങളിലേക്കുമായി പ്രതിദിനം 585-ഓളം സർവീസുകളാണ് കമ്പനി നടത്തിവരുന്നത്.