ക്രിപ്റ്റോകറൻസി ഇടപാടുകളിലൂടെ കഴിഞ്ഞ വർഷം ഡൊണാൾഡ് ട്രംപ് സമ്പാദിച്ചത് 100 കോടിയിലധികം ഡോളർ
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് കഴിഞ്ഞ വർഷം ക്രിപ്റ്റോകറൻസി ബിസിനസ് ഇടപാടുകളിലൂടെ 100 കോടിയിലധികം ഡോളർ സമ്പാദിച്ചതായി റിപ്പോർട്ട്. ട്രംപിന്റെ 2025-ലെ ഔദ്യോഗിക സാമ്പത്തിക റിപ്പോർട്ടിലാണ് വിപണിയെ അത്ഭുതപ്പെടുത്തുന്ന ഈ വിവരങ്ങളുള്ളത്. രണ്ടാം തവണ വൈറ്റ് ഹൗസിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നതിന് തൊട്ടുമുമ്പ് അദ്ദേഹം പുറത്തിറക്കിയ ഒരു മെമെ കോയിനിൽ (meme coin) നിന്നുള്ള റോയൽറ്റിയായി മാത്രം 63.5 കോടി ഡോളറാണ് ട്രംപിന് ലഭിച്ചത്.
തന്റെ മക്കളും പ്രത്യേക ദൂതനായ സ്റ്റീവ് വിറ്റ്‌കോഫിന്റെ മക്കളും ചേർന്ന് സ്ഥാപിച്ച 'വേൾഡ് ലിബർട്ടി ഫിനാൻഷ്യൽ' എന്ന ക്രിപ്റ്റോകറൻസി സ്ഥാപനത്തിൽ നിന്ന് 50 കോടി ഡോളറിലധികം വരുമാനം നേടിയതായും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. മുൻപ് ബിറ്റ്‌കോയിനെ ഒരു 'തട്ടിപ്പ്' എന്ന് വിശേഷിപ്പിച്ചിരുന്ന ട്രംപ്, പിന്നീട് നിലപാട് മാറ്റുകയും അമേരിക്കയെ ലോകത്തിന്റെ 'ക്രിപ്റ്റോ തലസ്ഥാനം' ആക്കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.
റിയൽ എസ്റ്റേറ്റും മറ്റ് വരുമാനങ്ങളും
ക്രിപ്റ്റോയ്ക്ക് പുറമെ പരമ്പരാഗത റിയൽ എസ്റ്റേറ്റ്, ഗോൾഫ് ബിസിനസുകളിലും ട്രംപ് വൻ ലാഭമുണ്ടാക്കി. ഫ്ലോറിഡയിലെ മാർ-എ-ലാഗോ ക്ലബ്ബിൽ നിന്ന് 7.7 കോടി ഡോളറും, ഡോറലിലുള്ള ഗോൾഫ് ക്ലബ്ബിൽ നിന്ന് 12.2 കോടി ഡോളറും അദ്ദേഹത്തിന് ലഭിച്ചു. കൂടാതെ ട്രംപ് ബ്രാൻഡഡ് വാച്ചുകൾ (47 ലക്ഷം ഡോളർ), ബൈബിളുകൾ, ഷൂസുകൾ, സുഗന്ധദ്രവ്യങ്ങൾ എന്നിവയുടെ വിൽപനയിലൂടെയും ദശലക്ഷക്കണക്കിന് ഡോളർ ട്രംപ് സ്വന്തമാക്കി. വിവിധ നിയമനടപടികളിലെ ഒത്തുതീർപ്പുകളിലൂടെയും മെറ്റ, യൂട്യൂബ്, എക്‌സ് എന്നീ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ നിന്നുള്ള വിഹിതത്തിലൂടെയും 8.65 കോടി ഡോളർ ലഭിച്ചതായും സാമ്പത്തിക രേഖകൾ വ്യക്തമാക്കുന്നു. പ്രഥമ വനിത മെലാനിയ ട്രംപ് തന്റെ ഡോക്യുമെന്ററിയുടെ ലൈസൻസ് കരാറിലൂടെ 1.07 കോടി ഡോളറും, എൻഎഫ്ടി (NFT) വിൽപനയിലൂടെ 60 ലക്ഷം ഡോളറും സമ്പാദിച്ചിട്ടുണ്ട്.
അതേസമയം, പ്രസിഡന്റ് പദവി ദുരുപയോഗം ചെയ്ത് ട്രംപ് ലാഭം നേടുന്നുവെന്ന ആരോപണങ്ങൾ വൈറ്റ് ഹൗസ് നിഷേധിച്ചു. ട്രംപ് തന്റെ ബിസിനസ്സ് സാമ്രാജ്യം മക്കൾ നിയന്ത്രിക്കുന്ന ഒരു ട്രസ്റ്റിനെയാണ് നിലവിൽ ഏൽപ്പിച്ചിരിക്കുന്നതെന്ന് വൈറ്റ്ഹൗസ് വ്യക്തമാക്കി.